ADVERTISEMENT

ന്യൂഡൽഹി ∙ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്കും ക്രിമിനൽ നടപടി ചട്ട (സിആർപിസി) പ്രകാരം ജീവനാംശം ആവശ്യപ്പെട്ട് കേസ് നൽകാമെന്ന് സുപ്രീം കോടതി വിധിച്ചു. ജീവനാംശം ദാനമല്ലെന്നും അത് വിവാഹിതരായ എല്ലാ മതത്തിലും പെട്ട സ്ത്രീകളുടെയും അവകാശമാണെന്നും വ്യക്തമാക്കിയാണ് രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന വിധി. സിആർപിസിയിലെ 125–ാം വകുപ്പ് (ജീവനാംശം സംബന്ധിച്ചത്) വിവാഹിതരായവർക്കു മാത്രമല്ല എല്ലാ മതത്തിലുമുള്ള, എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും വ്യത്യസ്ത വിധിന്യായങ്ങളിലൂടെ ജഡ്ജിമാരായ ബി.വി. നാഗരത്ന, എ.ജി. മസ്സി എന്നിവർ വ്യക്തമാക്കി. 

സിആർപിസി പോലെയുള്ള മതനിരപേക്ഷ നിയമത്തെക്കാൾ മുൻഗണന 1986 ലെ മുസ്‌ലിം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിനു ലഭിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. 1986 ലെ നിയമത്തിലെ അവകാശങ്ങൾ സിആർപിസി പ്രകാരമുള്ളതിനു പുറമേയാണെന്നു ജസ്റ്റിസ് നാഗരത്ന വിലയിരുത്തി. അതുകൊണ്ടു തന്നെ സിആർപിസി പ്രകാരം ഹർജി നൽകുന്നതിന് മു‌സ്‌ലിം സ്ത്രീക്ക് തടസ്സമില്ല. 

ഏതു നിയമപ്രകാരം പരിഹാരം തേടണമെന്ന് മുസ്‌ലിം സ്ത്രീകൾക്ക് തീരുമാനിക്കാമെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് നാഗരത്ന വിധിന്യായമെഴുതിയത്. സിആർപിസി വഴി നിയമപരിഹാരം തേടാൻ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാനിഷേധമാണ്. നിയമവിരുദ്ധമായ മുത്തലാഖ് വഴി വിവാഹമോചിതരായവർക്കും സിആർപിസി വഴി പ്രതിവിധി തേടാം. അതേസമയം, സിആർപിസി പ്രകാരം ജീവനാംശം തേടുന്ന കാര്യത്തിൽ മു‌സ്‌ലിം സ്ത്രീക്ക് നിയന്ത്രണമില്ലെന്ന് ജസ്റ്റിസ് മസ്സി വിലയിരുത്തി. രണ്ടിലും തുല്യമായ ജീവനാംശ അവകാശങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഇരു നിയമങ്ങളും നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യാഖ്യാനിച്ചു. 

വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശിയായ മുഹമ്മദ് അബ്ദുൽ സമദ് നൽകിയ ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്. ജീവനാംശമായി പ്രതിമാസം 10,000 രൂപ നൽകാനായിരുന്നു ഹൈക്കോടതി  ഉത്തരവ്. 

കോടതി വ്യക്തമാക്കിയത് 

∙ വിവാഹവും വിവാഹമോചനവും മുസ്‌ലിം വ്യക്തി നിയമപ്രകാരമാണെങ്കിൽ സിആർപിസിയിലെ 125–ാം വകുപ്പും മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണ നിയമവും (1986) ബാധകമാകും. 

∙ വ്യക്തി നിയമപ്രകാരം വിവാഹമോചിതയായ മുസ്‌ലിം സ്ത്രീ സിആർപിസിയെ ആശ്രയിച്ചാൽ, ജീവനാംശം സിആർപിസി പ്രകാരം അനുവദിക്കുന്ന കാര്യം മജിസ്ട്രേട്ടിന് പരിഗണിക്കാം. 

ബാങ്ക് അക്കൗണ്ടും എടിഎമ്മും നൽകണം

ന്യൂഡൽഹി ∙ സ്വന്തം വരുമാനമില്ലാത്ത സ്ത്രീകളെ ഭർത്താക്കന്മാർ സാമ്പത്തികമായി ശാക്തീകരിക്കണമെന്നും കോടതി നിർദേശിച്ചു. അതിനായി വീട്ടാവശ്യങ്ങൾക്കല്ലാതെ സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകളെ പങ്കാളിയാക്കി ബാങ്ക് അക്കൗണ്ട്, എടിഎം എന്നിവ ലഭ്യമാക്കണം.

English Summary:

Muslim women can also claim alimony under CRPC says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com