ഉപതിരഞ്ഞടുപ്പ്: ബംഗാളിൽ സംഘർഷം; ഫലം 13ന്
Mail This Article
ന്യൂഡൽഹി ∙ 7 സംസ്ഥാനങ്ങളിലായുള്ള 13 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. ബംഗാളിൽ 4 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒറ്റപ്പെട്ട സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റായ്ഗഞ്ച്, ബാഗ്ദ, റാണാഘട്ട് ദക്ഷിൺ, മണിക്തല (ബംഗാൾ), ബദരീനാഥ്, മംഗ്ളൗർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ദേറ, ഹാമിർപുർ, നാലാഗഡ് (ഹിമാചൽ), രുപൗലി (ബിഹാർ), വിക്രവാണ്ടി (തമിഴ്നാട്), അമർവാഡ (മധ്യപ്രദേശ്) എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 13നു പ്രഖ്യാപിക്കും.
ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭാ പോരാട്ടത്തിലും തുടരാമെന്ന പ്രതീക്ഷയിലാണു തൃണമൂൽ. തൃണമൂലിലേക്ക് കൂറുമാറിയെത്തിയ ബിജെപി എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നാണ് 3 മണ്ഡലങ്ങളിൽ ഒഴിവു വന്നത്. ഒരിടത്ത് എംഎൽഎ മരിച്ചതിനെത്തുടർന്നും. മണിക്തലയിൽ തൃണമൂലിനെ വീഴ്ത്താൻ ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേയെ ആണു ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
ഹിമാചലിലെ ദേറയിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കുർ ആണു കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞതവണ സ്വതന്ത്രർ ജയിച്ച 3 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ശേഷം ഇവർ എംഎൽഎ സ്ഥാനം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. തങ്ങൾക്കൊപ്പം ചേർന്ന ഇവരെ സ്ഥാനാർഥികളായി ബിജെപി രംഗത്തിറക്കി.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിജെപി എന്നിവ തമ്മിലുള്ള ത്രികോണ പോരാട്ടമാണ് പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ.
മധ്യപ്രദേശിലെ അമർവാഡയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിന് അഭിമാനപോരാട്ടമാണ്. ഗോത്രവിഭാഗ നേതാവ് ധീരൻഷാ ഇൻവാതിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. കമൽനാഥ് വർഷങ്ങളോളം ലോക്സഭയിൽ പ്രതിനിധീകരിച്ച ചിന്ത്‌വാഡയിലുൾപ്പെട്ട മണ്ഡലമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിന്ത്‌വാഡയിൽ കമൽനാഥിന്റെ മകൻ നകുൽനാഥ് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ തന്റെ സ്വാധീനം തിരിച്ചുപിടിക്കാൻ ധീരൻഷായുടെ വിജയം ഉറപ്പാക്കേണ്ടത് കമൽനാഥിന് അനിവാര്യമാണ്.