സ്ഥലമുടമ വിസമ്മതിച്ചാലും മൊബൈൽ ടവർ സ്ഥാപിക്കാം; പുതിയ ടെലികോം നിയമത്തിലെ കരടുചട്ടം
Mail This Article
ന്യൂഡൽഹി ∙ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈൻ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും ടെലികോം കമ്പനികൾക്കു ജില്ലാ കലക്ടർമാർ വഴി അനുമതി ലഭിച്ചേക്കും. പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള കരടുചട്ടം പൊതുജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം: bit.ly/rowrulesdot
ടവർ/കേബിൾ സ്ഥാപിക്കുന്നതിനു സ്ഥലമുടമയുമായി ധാരണയിൽ എത്താനായില്ലെങ്കിൽ, ടെലികോം കമ്പനിക്ക് നിശ്ചിത പോർട്ടൽ വഴി കലക്ടർക്ക് അപേക്ഷ നൽകാം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഉടമയ്ക്കു നോട്ടിസ് നൽകുകയോ അപേക്ഷ തള്ളുകയോ ചെയ്യാം.
നേരിട്ടോ തപാൽ വഴിയോ നോട്ടിസ് എത്തിക്കാനാകുന്നില്ലെങ്കിൽ പ്രദേശത്തു പ്രചാരമുള്ള പത്രത്തിൽ നോട്ടിസിന്റെ ഉള്ളടക്കം പരസ്യമായി നൽകണം. ഉടമയ്ക്ക് എതിർപ്പും ആശങ്കയും ഉണ്ടെങ്കിൽ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ അറിയിക്കണം. ഈ മറുപടി കൂടി പരിഗണിച്ച ശേഷം, അടുത്ത 60 ദിവസത്തിനുള്ളിൽ അനുമതി നൽകണോ വേണ്ടയോ എന്ന് കലക്ടർക്കു തീരുമാനിക്കാം.
ടവർ/കേബിൾ നീക്കം ചെയ്യാൻ
വസ്തുവിലെ ടവർ, കേബിൾ തുടങ്ങിയവ നീക്കം ചെയ്യണമെന്നു ഉടമയ്ക്കു തോന്നിയാൽ കമ്പനിക്ക് അപേക്ഷ നൽകാം. 30 ദിവസത്തിനകം ഇതു നീക്കുന്നതു സംബന്ധിച്ച പ്ലാൻ ഉടമയ്ക്ക് കമ്പനി കൈമാറണം. ഇതിനുള്ള ചെലവിന്റെ കാര്യത്തിൽ ധാരണയിലെത്തണം. 60 ദിവസത്തിനകം നീക്കണമെന്നാണ് കരടുവ്യവസ്ഥ.