ആക്രമണങ്ങളിൽ നടപടി തേടി കത്തോലിക്കാ മെത്രാൻ സമിതി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മണിപ്പുർ കലാപം, ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ മോദിയെ കണ്ടത്. മണിപ്പുരിൽ സമാധാനവും സാഹോദര്യവും പുലരാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മണിപ്പുരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നും സമാധാനം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി സംഘത്തെ അറിയിച്ചു.
ക്രൈസ്തവർക്കെതിരെയും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്നും സിബിസിഐ അഭ്യർഥിച്ചിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന വ്യാജ ആരോപണങ്ങളുടെ പേരിൽ വൈദികരടക്കം അറസ്റ്റിലായ വിഷയവും ഉന്നയിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് എതിരാണെന്നും സിബിസിഐ വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായുള്ള ശ്രമങ്ങൾ തുടരണമെന്നും അഭ്യർഥിച്ചു. സന്ദർശനം എന്നുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
സിബിസിഐ വൈസ് പ്രസിഡന്റ് ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് അനിൽ ജോസഫ് തോമസ് കൂട്ടോ, ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാത്യു കോയിക്കൽ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടായിരുന്നു.
മറ്റ് പ്രധാന ആവശ്യങ്ങൾ
∙ നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങളുടെ ദുരുപയോഗം തടയണം.
∙ ദലിത് ക്രൈസ്തവർക്ക് മറ്റ് ദലിത് വിഭാഗങ്ങളിലുള്ളവർക്ക് ലഭിക്കുന്ന സംവരണ ആനുകൂല്യം നൽകണം.
∙ ഗോത്രവിഭാഗത്തിൽപ്പെടുന്ന ക്രൈസ്തവരുടെ സംവരണം പിൻവലിക്കാതിരിക്കുക.
∙ കേന്ദ്ര ന്യൂനപക്ഷ കമ്മിഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനിലും ക്രിസ്ത്യൻ പ്രതിനിധിയുടെ ഒഴിവ് നികത്തുക.
∙ ക്രൈസ്തവ സ്ഥാപനങ്ങളുടെ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക.