നീറ്റ്–യുജി: ചോർച്ച ചെറുതെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ച ചെറുതാണെന്ന വാദവുമായി കേന്ദ്ര സർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും. ചോർച്ചയുണ്ടായ ഹസാരിബാഗിലും പട്നയിലും പരീക്ഷയെഴുതിയവരിൽ 80 പേരാണു പ്രവേശനയോഗ്യത നേടിയതെന്നും കോടതിയുടെ ചോദ്യത്തിനു മറുപടിയായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഹസാരിബാഗിൽ ആകെ 5 പരീക്ഷാകേന്ദ്രമുണ്ടായിരുന്നതിൽ ഒയാസിസ് സ്കൂളിൽ മാത്രമാണു ചോർച്ച ഉണ്ടായതെന്നും പറഞ്ഞു.
-
Also Read
ഉദയനിധി ഉപമുഖ്യമന്ത്രി ആകുമെന്ന് അഭ്യൂഹം
അതേസമയം, ചോർത്താനുള്ള ഗൂഢാലോചന പരീക്ഷയ്ക്ക് ഒരുമാസം മുൻപേ തുടങ്ങിയതാണെന്നു ഹർജിക്കാർ ആരോപിച്ചു. ഇത്രയും സുപ്രധാനമായ പരീക്ഷയുടെ ചോദ്യക്കടലാസുകൾ റിക്ഷയിലാണ് ഹസാരിബാഗിൽ എത്തിച്ചതെന്നും സ്വകാര്യ കുറിയർ കമ്പനിയുടെ പക്കൽ ചോദ്യപ്പേപ്പറുകൾ 6 ദിവസത്തോളം ഉണ്ടായിരുന്നുവെന്നും അവർ വാദിച്ചു. ഐഐടി മദ്രാസിന്റെ ഡയറക്ടർ എൻടിഎയുടെ ഭരണസമിതി അംഗമാണെന്നതിനാൽ റിപ്പോർട്ടിന്റെ വിശ്വാസ്യതയിലും ഹർജിക്കാർ സംശയം ഉന്നയിച്ചു. വലിയ തോതിൽ ക്രമക്കേട് ഇല്ലെന്നായിരുന്നു ഐഐടി റിപ്പോർട്ട്.
‘ഇടനിലക്കാരൻ ചോദ്യം പകർത്തി, മനഃപാഠമാക്കി പരീക്ഷയെഴുതി’
പട്നയിലും ഹസാരിബാഗിലും ചോദ്യക്കടലാസ് ചോർച്ചയുണ്ടായതു കോടതി മുൻപാകെ സ്ഥിരീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അതിൽ സംഭവിച്ച കാര്യങ്ങളും വിവരിച്ചു.
‘പരീക്ഷാദിവസം രാവിലെ 8.02നും 9.23നും ഇടയിൽ ഒരാൾ ഹസാരിബാഗിലെ പരീക്ഷാകേന്ദ്രത്തിനുള്ളിലേക്കു പോയി. ചോദ്യക്കടലാസിന്റെ ചിത്രം പകർത്തി പുറത്തുവന്നു. വാട്സാപ് വഴി പട്നയിലേക്ക് അയച്ചു. ഉത്തരം കണ്ടെത്താൻ വിദഗ്ധർ സജ്ജരായിരുന്നു. ഉത്തരം കുട്ടികൾ മനഃപാഠമാക്കി. പ്രതിഫലം രക്ഷിതാക്കൾ ചെക്കായി നൽകി. ഈ രീതിയിൽ തട്ടിപ്പു നടത്തിയ വിദ്യാർഥികളുടെ എണ്ണം 150ൽ കൂടില്ല.
എന്നാൽ, ചോദ്യച്ചോർച്ചയുണ്ടായതിനും പരീക്ഷ തുടങ്ങിയതിനും ഇടയിലെ സമയം എത്രയെന്നതിലാണ് ആശങ്കയെന്നും 3 ദിവസത്തിൽ കൂടുതൽ സമയം ലഭിച്ചെങ്കിൽ വലിയ അപകടമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സർക്കാർ പറയും പോലെ 45 മിനിറ്റ് നേരമെങ്കിൽ അതിനായി 75,000 രൂപ ആരെങ്കിലും മുടക്കുമോ? 45 മിനിറ്റ് കൊണ്ട് എത്ര ചോദ്യോത്തരങ്ങൾ മനഃപാഠമാക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു.