സഹമന്ത്രി രാജിവച്ചു; യുപിയിൽ വിമതനീക്കം ശക്തം
Mail This Article
ന്യൂഡൽഹി ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ബിജെപിയിൽ വിമതനീക്കം ശക്തം; സഹമന്ത്രി പദവിയുള്ള കിന്നർ കല്യാൺ ബോർഡ് (ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ്) ഉപാധ്യക്ഷ സോനം ചിസ്തി രാജിവച്ചു. ഇതോടെ, വിഷയത്തിൽ ഇടപെടാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനു മീതെ സമ്മർദമേറി. സംഘടനയാണു വലുതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്താണു രാജിവയ്ക്കുന്നതെന്നു ഗവർണർക്കു നൽകിയ കത്തിൽ പറയുന്നു.
‘മന്ത്രിപദവിയുണ്ടായിട്ടും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. സർക്കാർ പദവിയിൽ തുടരാൻ മനഃസാക്ഷി അനുവദിക്കുന്നില്ല. ’ ചിസ്തി രാജിക്കത്തിൽ പറയുന്നു. യോഗിക്കെതിരെ പട നയിക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ‘സംഘടനയാണു വലുത്’ എന്ന സന്ദേശം ആവർത്തിച്ചാണു സോനം ചിസ്തിയുടെ രാജി. 2023 നവംബറിലാണു സോനം ചിസ്തിയെ ഉപാധ്യക്ഷയായി നിയമിച്ചത്.
സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും യോഗി ആദിത്യനാഥിന്റെ ഉരുക്കുമുഷ്ടി ഭരണത്തിനെതിരെയും നേരത്തെയും സോനം ചിസ്തി പ്രതികരിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡറുകളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന നേതാവാണു സോനം ചിസ്തി. സമാജ്‌വാദിപാർട്ടിയിൽ നിന്നാണു ബിജെപിയിലെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ തുടർച്ചയെന്നോണം യുപി ബിജെപിയിലെ പ്രശ്നങ്ങൾ ഒരാഴ്ചയായി മറനീക്കി പുറത്തുവരികയാണ്. സംസ്ഥാന ബിജെപി അധ്യക്ഷൻ ഭുപേന്ദ്ര സിങ് ചൗധരി, സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ജെ.പി.നഡ്ഡയെയും അമിത്ഷായെയും കഴിഞ്ഞദിവസം ഡൽഹിയിൽ സന്ദർശിച്ച ഭുപേന്ദ്ര സിങ് പാർട്ടിയിലെ പ്രശ്നങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.