ADVERTISEMENT

ന്യൂഡൽഹി ∙ ജനിതകമാറ്റം വരുത്തിയ (ജിഎം) കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് അനുമതി നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി ഭിന്നവിധി പുറപ്പെടുവിച്ചു. അനുമതി രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ബി.വി.നാഗരത്ന റദ്ദാക്കിയപ്പോൾ, ജസ്റ്റിസ് സഞ്ജയ് കരോൾ ശരിവച്ചു. ഇതോടെ ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. 

അന്തിമതീർപ്പുണ്ടാക്കുന്നതു വരെ തീരുമാനം നടപ്പാക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ജിഎം കടുകിന്റെ അംഗീകാരവും ഉപയോഗ അനുമതിയും പൊതുതാൽപര്യത്തിന് എതിരാണെന്നു നാഗരത്ന ചൂണ്ടിക്കാട്ടി. തിടുക്കപ്പെട്ടാണു തീരുമാനം. ആരോഗ്യ, പരിസ്ഥിതി രംഗത്ത് ഇതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിലെ പരാജയം ഭാവിയെ ഗുരുതരമായി ബാധിക്കും– ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. 

കേന്ദ്രനടപടിയിൽ തെറ്റു കണ്ടെത്താതെയാണ് ജസ്റ്റിസ് സഞ്ജയ് കരോൾ വിധിച്ചത്. കേന്ദ്രം കർശന നിരീക്ഷണം നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ജിഎം കടുക് സംബന്ധിച്ച് ദേശീയ നയം വേണം, സംസ്ഥാന സർക്കാരുകൾ, കർഷക ഗ്രൂപ്പുകൾ തുടങ്ങി ബന്ധപ്പെട്ടവരുമായി അടുത്ത 4 മാസത്തിനുള്ളിൽ കൂടിയാലോചന നടത്തി വേണം നയരൂപീകരണം, ജിഎം ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളിൽ ഇരു ജഡ്ജിമാരും യോജിച്ചു. 

ജീൻ ക്യാംപെയ്ൻ എന്ന എൻജിഒ, റിസർച് ഫൗണ്ടേഷൻ ഫോർ സയൻസ് ടെക്നോളജി, അരുണ റോഡ്രിഗസ്, വി. അനന്തശയനൻ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

English Summary:

Split Verdict in Supreme Court against central governement decision on GM Mustard Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com