ADVERTISEMENT

ന്യൂഡൽഹി ∙ കർഷകർക്കുള്ള മിനിമം താങ്ങുവിലയ്ക്കു നിയമപരിരക്ഷ നൽകണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ പ്രതിഷേധത്തിൽ രാജ്യസഭയിലെ ചോദ്യോത്തരവേള പലവട്ടം തടസ്സപ്പെട്ടു. താങ്ങുവിലയുടെ കാര്യത്തിൽ കൃഷിമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ മറുപടി പറയുന്നതിനിടെ കോൺഗ്രസിലെ രൺദീപ് സിങ് സുർജേവാലയാണ് എതിർപ്പുമായി എഴുന്നേറ്റത്.

താങ്ങുവിലയെക്കുറിച്ചുള്ള ചോദ്യത്തിന് കാർഷികമേഖലയിൽ മോദി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചായിരുന്നു ചൗഹാൻ സംസാരിച്ചത്. താങ്ങുവില രീതി ശക്തിപ്പെടുത്തുന്ന കാര്യം സമിതി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താങ്ങുവിലയ്ക്കുള്ള നിയമപരിരക്ഷയുടെ കാര്യത്തിൽ മന്ത്രി മൗനം പാലിച്ചതോടെ എതിർപ്പുമായി സുർജേവാലയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പലവട്ടം എഴുന്നേറ്റു. എന്നാൽ, ഹരിയാന തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള നാടകമാണ് സുർജേവാല നടത്തുന്നതെന്ന് ബിജെപി അംഗങ്ങൾ പ്രതികരിച്ചു.

ബഹളം രൂക്ഷമായതോടെ സുർജേവാലയെ പേരെടുത്തു പരാമർശിച്ച സഭാധ്യക്ഷൻ ജഗദീപ് ധൻകർ അദ്ദേഹം സഭ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടു. താങ്ങുവിലയെക്കുറിച്ചു ചോദിക്കുമ്പോൾ ജിലേബി തരാമെന്നു മാത്രമാണ് ചൗഹാൻ പറയുന്നതെന്ന് പിന്നീട് സുർജേവാല പരിഹസിച്ചു. 

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരായ അഴിമതി ആരോപണം രാജ്യസഭയിൽ ഉന്നയിക്കാൻ ബിജെപി അംഗത്തിന് രാജ്യസഭാധ്യക്ഷൻ അനുമതി നൽകിയതിനെച്ചൊല്ലിയും സഭയിൽ പ്രതിപക്ഷ ബഹളമുണ്ടായി. സഭ നിർത്തിവച്ചു വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ നോട്ടിസ് നൽകിയെങ്കിലും രാജ്യസഭാധ്യക്ഷൻ അത് അനുവദിച്ചില്ല. അതേസമയം, ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ ബിജെപിയിലെ ഒരംഗത്തിന് അനുമതി നൽകി. തുടർന്ന് ബഹളവുമായി ഭരണ–പ്രതിപക്ഷ എംപിമാർ എഴുന്നേറ്റു.

English Summary:

Congress protest in Rajya Sabha asking Legal protection for support price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com