ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാൾ വിഭജിക്കണമെന്ന് കേന്ദ്രസഹമന്ത്രിയും ബംഗാൾ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപിമാർ ലോക്സഭയിൽ പ്രതിഷേധിച്ചു. ബംഗാൾ വിഭജിച്ച് വടക്കൻ ഭാഗം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടു ചേർക്കണമെന്നു കഴിഞ്ഞ ദിവസം സുകാന്ത അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി പരാമർശം നടത്തിയതു പാർലമെന്റിൽ വച്ചല്ലാത്തതിനാൽ ഇക്കാര്യം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞു.

ഇതിനിടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരായ അഴിമതി ആരോപണം ചർച്ച ചെയ്യണമെന്നു പി.സി.മോഹൻ ആവശ്യപ്പെട്ടതോടെ കോൺഗ്രസ് എംപിമാരും പ്രതിഷേധവുമായി എഴുന്നേറ്റു. തുടർന്ന് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ സഭ അരമണിക്കൂർ സമയത്തേക്കു നിർത്തിവച്ചു. 

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ നൽകിയതെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് പലതവണ ആവർത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസർക്കാരിനെ തുണയ്ക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചുവെന്നും ചർച്ചയിൽ പങ്കെടുത്ത എം.പി.അബ്ദുസ്സമദ് സമദാനി പറഞ്ഞു. 

കഴിഞ്ഞ 2 പതിറ്റാണ്ടിലെ ഏറ്റവും മോശം ബജറ്റാണു കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്നും ജനങ്ങളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മേൽ സർജിക്കൽ സ്ട്രൈക്ക് ആണ് നടന്നതെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത സിപിഐ പ്രതിനിധി പി.സന്തോഷ് കുമാർ പറഞ്ഞു. പാർലമെന്റിൽ ബജറ്റ് ചർച്ച തിങ്കളാഴ്ച തുടരും. 30നു ലോക്സഭയിൽ നിർമല സീതാരാമൻ മറുപടി നൽകും. രാജ്യസഭയിൽ 31നാണ് മറുപടി പ്രസംഗം.

English Summary:

Uproar in Lok Sabha on Bengal Partition Move, Discrimination in Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com