മാവോയിസ്റ്റ് സ്വാധീനം കുറയുന്നു: കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് 2010 നെ അപേക്ഷിച്ച് മാവോയിസ്റ്റ് ആക്രമണങ്ങളിൽ 73% കുറവുണ്ടായതായി കേന്ദ്രം ലോക്സഭയിൽ അറിയിച്ചു. മരണം 86% കുറഞ്ഞു. 2010ൽ 1,005 പേരാണ് മരിച്ചതെങ്കിൽ 2023ൽ ഇത് 138 ആയി. 2013ൽ 10 സംസ്ഥാനങ്ങളിലായി 126 ജില്ലകൾ മാവോയിസ്റ്റ് ബാധിതമായിരുന്നത് ഇക്കൊല്ലം 38 (9 സംസ്ഥാനങ്ങൾ) ആയി കുറഞ്ഞു. കേരളത്തിൽ വയനാട്, കണ്ണൂർ ജില്ലകളാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകൾ.
2010ൽ 465 പൊലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട കേസുകളുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 42 ജില്ലകളായി കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി അറിയിച്ചു. വികസനപ്രവർത്തനങ്ങൾ വഴി മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അമർച്ച ചെയ്ത ബംഗാൾ മാതൃക രാജ്യമാകെ അനുവർത്തിക്കുമോയെന്ന തൃണമൂൽ അംഗം സൗഗത റോയിയുടെ ചോദ്യത്തിന്, ഏതെങ്കിലും സംസ്ഥാനം അതിനു തയാറാകുമെന്നു തോന്നുന്നില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി.