സംവരണം പാലിക്കുന്നില്ലെന്ന പരാതി: ലാറ്ററൽ എൻട്രിയിൽ ചുവടുമാറ്റം
Mail This Article
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രാലയങ്ങളിലെ 45 ഉന്നത തസ്തികകളിൽ സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാനുള്ള വിജ്ഞാപനം യുപിഎസ്‌സി റദ്ദാക്കി. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി പദവികളിൽ സംവരണം പാലിക്കാതെയുള്ള ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു. കേന്ദ്ര പഴ്സനേൽകാര്യ മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ നിർദേശപ്രകാരമാണ് യുപിഎസ്‌സി വിജ്ഞാപനം റദ്ദാക്കിയത്.
സംവരണ വ്യവസ്ഥകൾ അട്ടിമറിച്ച് ആർഎസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണു ശ്രമമെന്നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. രാജ്യവ്യാപക പ്രതിഷേധത്തിനു സമാജ്‌വാദി പാർട്ടിയും തീരുമാനിച്ചിരുന്നു. തുല്യത, സാമൂഹികനീതി എന്നീ ഭരണഘടനാ തത്വങ്ങൾ പാലിച്ചേ ലാറ്ററൽ എൻട്രി നിയമനം നടത്താവൂ എന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്നും സംവരണം പാലിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി ജിതേന്ദ്ര സിങ്ങിന്റെ കത്തിൽ പറയുന്നു.
സംവരണ വ്യവസ്ഥകൾ പാലിച്ച് പുതിയ ലാറ്ററൽ എൻട്രി വിജഞാപനത്തിനാണു സർക്കാരിന്റെ നീക്കമെന്നു സൂചനയുണ്ട്.