ADVERTISEMENT

ന്യൂഡൽഹി ∙ നടപടിക്കെതിരെ പ്രതിഷേധമുണ്ടാകുമ്പോൾ ന്യായവാദങ്ങൾ ഉയർത്തുക, നടപടി പിൻവലിക്കേണ്ടി വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചു പറയുക – ഉന്നത തസ്തികകളിലെ ലാറ്ററൽ എൻട്രി നിയമന പദ്ധതിയുടെ കാര്യത്തിൽ അതാണു കേന്ദ്ര സർക്കാർ ചെയ്തത്. ഇനി സംവരണവ്യവസ്ഥ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ ഭരണ പരിഷ്കാര കമ്മിഷൻ (എആർസി) ശുപാർശയായിരുന്നു ലാറ്ററൽ എൻട്രി എന്നാണ് അപേക്ഷ ക്ഷണിച്ചുള്ള യുപിഎസ്‌സി പരസ്യത്തിനു പിന്നാലെ സർക്കാർ നൽകിയ ന്യായീകരണം.

അഡിഷനൽ സെക്രട്ടറി തലത്തിൽ ലാറ്ററൽ എൻട്രി ആകാമെന്നായിരുന്നു എം.വീരപ്പമൊയ്‌ലി അധ്യക്ഷനായ എആർസിയുടെ ശുപാർശ. ഒപ്പം, ഏതൊക്കെ പദവികളിൽ ഈ രീതി ആവാമെന്നു നിശ്ചയിക്കേണ്ടതും സുതാര്യപ്രക്രിയയിലൂടെ നിയമനത്തിന് നടപടിയെടുക്കേണ്ടതും കേന്ദ്ര സിവിൽ സർവീസസ് അതോറിറ്റിയാണെന്നും എആർസി ശുപാർശ ചെയ്തിരുന്നു. എന്നാൽ, അത്തരമൊരു അതോറിറ്റി ഇതുവരെ രൂപീകരിച്ചിട്ടുപോലുമില്ല. ഫലത്തിൽ, ‘കേന്ദ്ര സർക്കാരിൽ ലാറ്ററൽ എൻട്രി ആവാം’ എന്നു റിപ്പോർട്ടിൽ പറയുന്നതു മാത്രം മോദി സർക്കാർ തങ്ങളുടേതായ രീതിയിൽ നടപ്പാക്കാൻ ശ്രമിച്ചു.

മോദി സർക്കാർ ലാറ്ററൽ എൻട്രി സ്കീം തുടങ്ങിയത് 2018ലാണ്. അന്നും പ്രതിഷേധമുണ്ടായി. എന്നാൽ, ബിജെപിക്കു തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാൻ സാധിച്ചു. ഇത്തവണ പ്രതിപക്ഷത്തിനൊപ്പം ഭരണസഖ്യത്തിലെ എൽജെപിയും എതിർപ്പ് ഉയർത്തിയതോടെ നടപടി പിൻവലിക്കേണ്ടിവന്നു. ജെഡിയു, എച്ച്എഎം എന്നീ കക്ഷികളും എതിരായിരുന്നു.

ഇൻഡക്സേഷൻ ഇളവില്ലാതെ മൂലധന ലാഭ നികുതി ഈടാക്കുമെന്ന് ബജറ്റിൽ നടത്തിയ പ്രഖ്യാപനം പ്രതിഷേധമുണ്ടായപ്പോൾ പരിഷ്കരിച്ചു, ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട് പിൻവലിച്ചു, വഖഫ് ബിൽ പാർലമെന്ററി സമിതിക്കു വിടാൻ തീരുമാനിച്ചു, ഇപ്പോൾ യുപിഎസ്‌സിയുടെ ലാറ്ററൽ എൻട്രി പരസ്യം പിൻവലിക്കുന്നു –പുതിയ സർക്കാർ 75 ദിവസം പോലും തികയും മുൻപേ ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും സമ്മർദത്തിനു വഴങ്ങിയുള്ള തിരുത്തൽ നടപടികൾ പലതായി.

മുൻസർക്കാരുകളെ പഴിചാരി കേന്ദ്രമന്ത്രി

ന്യൂഡൽഹി ∙ സംവരണ വ്യവസ്ഥകൾ പാലിക്കാതെ മുൻസർക്കാരുകൾ ലാറ്ററൽ എൻട്രി നിയമനം നടത്തിയിരുന്നുവെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ചിരുന്ന, കുപ്രസിദ്ധമായ ദേശീയ ഉപദേശക സമിതിയും ഇവിടെ പ്രവർത്തിച്ചിരുന്നുവെന്നും യുപിഎ ഭരണകാലത്തെക്കുറിച്ചു പേരെടുത്തു പരാമർശിക്കാതെ അദ്ദേഹം വിമർശിച്ചു.

ലാറ്ററൽ എൻട്രി വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു യുപിഎസ്‌സി അധ്യക്ഷ പ്രീതി സൂദനു നൽകിയ കത്തിലാണു കോൺഗ്രസിനും യുപിഎ സർക്കാരിനും നേരെയുള്ള വിമർശങ്ങൾ. 2014 നു മുൻപുള്ള ഭൂരിഭാഗം ലാറ്ററൽ എൻട്രി നിയമനങ്ങളും സ്വജനപക്ഷപാതപരമായിരുന്നെങ്കിൽ മോദി സർക്കാർ ഈ നടപടികൾ സുതാര്യമാക്കിയെന്നു കത്തിൽ അവകാശപ്പെടുന്നു.

English Summary:

Lateral entry to higher posts changed due to pressure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com