ആരോഗ്യപ്രവർത്തകർക്കു സുരക്ഷ: നിലവിലുള്ള സൗകര്യങ്ങൾ വിശദീകരിക്കണം
Mail This Article
ന്യൂഡൽഹി ∙ ആരോഗ്യപ്രവർത്തകർക്കു സുരക്ഷ ഒരുക്കുന്നതിന് മെഡിക്കൽ സ്ഥാപനങ്ങളിൽ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ സുപ്രീം കോടതി നിയോഗിച്ച ദേശീയ കർമസമിതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. അതിനായി പ്രത്യേക ഗൂഗിൾ ഫോമിലുള്ള അപേക്ഷ സംസ്ഥാന സർക്കാരുകൾക്ക് കൈമാറി.
സുരക്ഷാകാര്യത്തിൽ സ്വീകരിക്കാവുന്ന ഹ്രസ്വകാല നടപടികളുമായി ബന്ധപ്പെട്ട് കർമസമിതി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ഇന്നു വിഡിയോ കോൺഫറൻസ് വഴി യോഗം നടത്തും. ആഭ്യന്തര സെക്രട്ടറിയും ആരോഗ്യമന്ത്രാലയം സെക്രട്ടറിയും പങ്കെടുക്കും.
കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിലാണ് തീരുമാനം. അനൗദ്യോഗിക അംഗങ്ങളായ ആഭ്യന്തര, ആരോഗ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് പുറമേ, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്ററോളജി ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡ്ഡി, ഡൽഹി എയിംസ്, ഡോ. എം.ശ്രീനിവാസ് തുടങ്ങിയവർ ഉൾപ്പെടുന്ന 10 അംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിൽ പിജി ഡോക്ടർ കൊലചെയ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി ദേശീയ കർമ സമിതിയെ നിയോഗിച്ചത്.