കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി: ജാമ്യമാണ് നിയമം, അനിവാര്യമെങ്കിൽ മാത്രം ജയിൽ
Mail This Article
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ( പിഎംഎൽഎ ) ജാമ്യം എന്നതാണു നിയമമെന്നും ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ ജയിലിലിടുന്നതു പരിഗണിക്കാവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. പിഎംഎൽഎ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായി പ്രേംപ്രകാശിനു ജാമ്യം അനുവദിച്ചാണു ബെഞ്ചിന്റെ നിരീക്ഷണം. ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയ്ക്കു മദ്യനയക്കേസിൽ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലും ഇക്കാര്യം പറഞ്ഞതാണെന്നു ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
-
Also Read
ടെലിഗ്രാം ആപ്പിന് പൂട്ടിടാൻ കേന്ദ്രം
വ്യക്തിസ്വാതന്ത്ര്യമാണു നിയമപരമായി നൽകേണ്ടത്. ജയിലിലിടുന്നതുപോലെ വ്യവസ്ഥാപിത നിയമം വഴി ആളെ ബുദ്ധിമുട്ടിലാക്കുന്നത് ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യത്തിലാകണം. ജാമ്യത്തിനുള്ള വ്യവസ്ഥകൾ മാത്രമാണു പിഎംഎൽഎയിലെ 45–ാം വകുപ്പിൽ പറയുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനുപുറമേ, ചോദ്യംചെയ്യലിനിടെ പ്രതി നൽകുന്ന കുറ്റസമ്മതമൊഴി മറ്റു കേസുകളിൽ സ്വീകാര്യമാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.