1000 കോടിയുടെ തട്ടിപ്പ്: കർണാടക ബിജെപിക്ക് അഴിമതിക്കുരുക്ക്
Mail This Article
ബെംഗളൂരു∙ മുൻ ബിജെപി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ 1000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഉന്നതാധികാര സമിതി പരിശോധിക്കും. 13,000 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ 1000 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയ ജുഡീഷ്യൽ കമ്മിറ്റി കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതു പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെയാണു നിയോഗിച്ചിട്ടുള്ളത്.
കോവിഡ് കാലത്ത് ഉപകരണങ്ങളും മരുന്നും വാങ്ങിയതിന്റെ മിക്ക ഫയലുകളും അപ്രത്യക്ഷമായിരുന്നു. 45 രൂപയുടെ മാസ്ക് 485 രൂപയ്ക്ക് വാങ്ങി, 10000 കിടക്കകൾക്ക് 20000 രൂപ വാടക നൽകി എന്നീ ഗുരുതര ആരോപണങ്ങൾ ആദ്യം ഉയർത്തിയത് ബിജെപി എംഎൽഎ തന്നെയായിരുന്നു. വ്യാജ ബിൽ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണവും ഉയർന്നു. ഭൂമി കൈമാറ്റക്കേസ് ഉൾപ്പെടെ ഉയർത്തി സിദ്ധരാമയ്യ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയ ബിജെപി നേതൃത്വത്തിന് അന്വേഷണം തിരിച്ചടിയാകാം.