ആശുപത്രിയിലെ അക്രമങ്ങൾ: ബിൽ ഉപേക്ഷിച്ചെന്ന് ആരോഗ്യമന്ത്രാലയം
Mail This Article
ന്യൂഡൽഹി ∙ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെയുള്ള അക്രമങ്ങൾ ജാമ്യമില്ലാ കുറ്റമാക്കുന്ന ബിൽ ഉപേക്ഷിച്ചെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇനി ഇതു പരിഗണിക്കില്ലെന്നും ഡോ. കെ.വി.ബാബുവിന് ലഭിച്ച വിവരാവകാശ മറുപടിയിൽ മന്ത്രാലയം അറിയിച്ചു.
കൊൽക്കത്ത ആർ.ജി.കർ ആശുപത്രിയിൽ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പാനൽ രൂപീകരിച്ച് ബിൽ വീണ്ടും അവലോകനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. രാജ്യമെമ്പാടും ഡോക്ടർമാരുടെ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കൊൽക്കത്ത സംഭവത്തിനു പിന്നാലെ വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി ദേശീയ കർമ സമിതിയെ നിയോഗിച്ച് ഡോക്ടർമാരുടെ സുരക്ഷയ്ക്കുള്ള നടപടികൾ തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയം നിലപാട് അറിയിച്ചത്.
മറ്റ് തൊഴിൽ മേഖലകളും സമാനമായ പരിരക്ഷ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തെ തുടർന്നാണ് നടപടി. ഡോക്ടർമാർക്കു നേരെയുള്ള അക്രമങ്ങൾ 10 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാക്കുന്നതായിരുന്നു ബിൽ. ഡോക്ടർമാരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും നിർദേശമുണ്ടായിരുന്നു. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഏറ്റവും കുറഞ്ഞ ജയിൽ ശിക്ഷ 6 മാസവും പിഴ 50,000 രൂപയും അടയ്ക്കേണ്ടിവരുമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ.
അസമിലെ എസ്റ്റേറ്റ് ആശുപത്രിയിൽ തൊഴിലാളി പരുക്കേറ്റ് എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന കാരണത്താൽ എഴുപത്തിമൂന്നുകാരനായ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ബില്ലിന് രൂപം കൊടുത്തത്. 2019 ജൂലൈയിൽ കരടു പുറത്തിറക്കിയെങ്കിലും സഭയിൽ അവതരിപ്പിച്ചില്ല. പിന്നീട് കഴിഞ്ഞ മാസമാണ് ബിൽ വീണ്ടും അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചത്.