ഇരട്ടച്ചുമതല: എഐസിസി ജനറൽ സെക്രട്ടറിമാരിൽ ചിലരെ മാറ്റിയേക്കും
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നിടങ്ങളിലൊഴികെ, ഒന്നിലധികം സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിമാരെ മാറ്റാൻ തീരുമാനം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുഎസ് പര്യടനത്തിനു ശേഷം തിരിച്ചെത്തിയാൽ ഇതിനുള്ള നടപടികളിലേക്കു പാർട്ടി കടക്കും. പ്രവർത്തനത്തിന് സാവകാശം ലഭിക്കാത്തവർക്ക് ഇളവു ലഭിച്ചേക്കും. പല ജനറൽ സെക്രട്ടറിമാർക്കും ഒന്നിലേറെ സംസ്ഥാനങ്ങളുടെ ചുമതലയുണ്ട്. ചിലർ സംസ്ഥാന മന്ത്രിമാരും മറ്റുമായി. ഇതുൾപ്പെടെ ഇരട്ടപദവി വഹിക്കുന്നവരെ ഒന്നിലേക്കു ചുരുക്കുമെന്നതാകും പ്രധാനമാറ്റം. സംഘടനാ ചുമതല നൽകിയ കാലത്തെ പ്രവർത്തനവും വിലയിരുത്തപ്പെടും. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ ഒഴിവാക്കാൻ തീരുമാനമുണ്ട്.
ഒരു പദവിയിൽ പരമാവധി 5 വർഷമെന്നാണു 2022 ലെ ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പാർട്ടി തീരുമാനിച്ചത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാൽ കഴിഞ്ഞ ജനുവരിയിൽ 5 വർഷം പൂർത്തിയാക്കിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഉൾപ്പെടെ കണക്കിലെടുത്ത് മാറ്റത്തിനു സാധ്യതയില്ല. ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പ്രിയങ്ക ഗാന്ധിയുടെ സേവനം ഏതെങ്കിലും സംസ്ഥാനത്തു മാത്രമായി കേന്ദ്രീകരിക്കാതെ പാർട്ടിക്കു ദേശീയമായി പ്രയോജനപ്പെടുത്താമെന്ന നിലവിലെ രീതി തുടരാനാണ് സാധ്യത.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നാമമാത്രമെങ്കിലും അവസാനം സംഘടന ജനറൽ സെക്രട്ടറി ചുമതലയിൽ അഴിച്ചുപണി നടന്നത്. കേരളത്തിന്റെ ചുമതലയിൽ ദീപ ദാസ്മുൻഷി എത്തിയത് ഈ ഘട്ടത്തിലാണ്. തെലങ്കാനയുടെയും ലക്ഷദ്വീപിന്റെയും ചുമതല ഇവർ വഹിക്കുന്നു. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല ലഭിച്ചതും ഈ പുനഃസംഘടനയിലായിരുന്നു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളിൽ തെലങ്കാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ് നേട്ടമുണ്ടാക്കിയത് ഇരുവർക്കും അനുകൂല ഘടകമാണ്. എന്നാൽ, ഒന്നിലധികം സംസ്ഥാനങ്ങളുടെ ചുമതലയിൽ നിന്ന് മാറ്റുന്നതാണ് തീരുമാനമെങ്കിൽ ദീപ ദാസ്മുൻഷിക്ക് കേരളമോ തെലങ്കാനയോ ഒഴിയേണ്ടി വരും.