ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം: കിഴക്കിനെ മറന്നിട്ടില്ലെന്ന് പ്രഖ്യാപിച്ച് മോദി
Mail This Article
ന്യൂഡൽഹി ∙ അഞ്ചുവർഷമായി ഏതാണ്ട് തണുത്തുകിടന്ന ‘കിഴക്കോട്ട് നോക്കുക, കിഴക്ക് പ്രവർത്തിക്കുക’ നയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രൂണയ്–സിംഗപ്പൂർ സന്ദർശനങ്ങളോടെ വീണ്ടും ചൂടുപിടിക്കുകയാണ്. 2019ൽ കിഴക്കൻ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായി ഉയർത്തിക്കൊണ്ടുവന്ന റീജനൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്നർഷിപ്പിൽ (ആർസിഇപി) ഭാഗമാകാനില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയും പൂർവേഷ്യ–ദക്ഷിണപൂർവേഷ്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ ഊഷ്മളത കുറഞ്ഞുതുടങ്ങിയത്.
യുഎസും ഓസ്ട്രേലിയയും ജപ്പാനുമായി ചേർന്നുള്ള ക്വാഡ് പ്രവർത്തനം മാത്രമാണ് കിഴക്കൻ പ്രദേശങ്ങളിൽ ഇന്ത്യയ്ക്കുള്ള താൽപര്യമെന്ന മട്ടിലായി കാര്യങ്ങൾ. ഒടുവിൽ കിഴക്കിനെ മറന്നിട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞവർഷം മേയിൽ പ്രധാനമന്ത്രി പസിഫിക് ദ്വീപായ പാപുവ–ന്യൂഗിനിയിൽ സന്ദർശനം നടത്തി. അതിന്റെ തുടർച്ചയെന്നോണം ഇപ്പോൾ ബ്രൂണയ്‌യിലും സിംഗപ്പൂരിലും.
കിഴക്കൻ രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നതിന്റെ സൂചന കൂടിയായിരുന്നു സന്ദർശനം. ചൈനയുമായി സമുദ്രാതിർത്തി തർക്കമുള്ള ബ്രൂണയ്‌യിൽ വച്ച് ‘‘ഇന്ത്യ സാമ്പത്തിക വികസനത്തെയാണ്, ശാക്തികവ്യാപനത്തെയല്ല പിന്താങ്ങുന്നത്’’ എന്നു പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. തെക്കൻ ചൈനാക്കടലിൽ എണ്ണ ഖനനം ചെയ്യുന്നത് സംബന്ധിച്ചും യാത്രാവകാശം സംബന്ധിച്ചും ചൈനയും ബ്രൂണയ്‌യും തമ്മിൽ തർക്കങ്ങളുണ്ട്. എണ്ണ മാത്രമാണ് ബ്രൂണയ്‌യുടെ കയറ്റുമതി ഉൽപന്നം.
ബ്രൂണയ് സന്ദർശനം ശാക്തികോദ്ദേശ്യങ്ങളോടെയായിരുന്നെങ്കിൽ സിംഗപ്പൂർ സന്ദർശനോദ്ദേശ്യം സാമ്പത്തികമായിരുന്നു. ആർസിഇപിയിൽ ചേരാനാകില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെ ഏറ്റവും മുഷിഞ്ഞ രാജ്യങ്ങളിലൊന്നായിരുന്നു സിംഗപ്പൂർ. അതോടൊപ്പം മറ്റൊരു വിഷയത്തിലും സിംഗപ്പൂരിന് മുഷിയേണ്ടിവന്നു. ആന്ധപ്രദേശിന്റെ പുതിയ തലസ്ഥാനമായി അമരാവതി നഗരം നിർമിക്കാനുള്ള പദ്ധതിയിൽ സിംഗപ്പൂരിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ 2019ൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് സർക്കാർ ആ പദ്ധതി നിർത്തിവച്ചു. ഇപ്പോൾ ചന്ദ്രബാബു നായിഡു അധികാരത്തിൽ തിരിച്ചെത്തിയതോടെ അമരാവതി പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ചത് സിംഗപ്പൂർ കമ്പനികൾക്കു സന്തോഷവാർത്തയാണ്.
സിംഗപ്പൂർ സന്ദർശനത്തിൽ ഏറ്റവും ശ്രദ്ധേയമായത് സെമികണ്ടക്ടർ രംഗത്തു സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടതാണ്. ആഗോള സെമികണ്ടക്ടർ നിർമാണത്തിന്റെ 10 ശതമാനത്തോളം സിംഗപ്പൂരിലാണ്; സെമികണ്ടക്ടർ നിർമാണസാമഗ്രികളുടെ 20 ശതമാനവും. ഇന്ത്യയിൽ സെമികണ്ടക്ടർ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിൽ സഹകരിക്കാനും നിക്ഷേപം നടത്താനും വഴിയൊരുക്കുകയാണ് ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.