ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് 7 വർഷം; വിചാരണ ഇഴഞ്ഞുതന്നെ

Mail This Article
ബെംഗളൂരു∙ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരിലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ടിട്ട് 7 വർഷം തികയുമ്പോഴും വിചാരണ നടപടികളിലെ കാലതാമസത്തിനെതിരെ വ്യാപക പ്രതിഷേധം. വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ട് 8 മാസം കഴിഞ്ഞെങ്കിലും നടപ്പിലായിട്ടില്ല. 4 പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതിയും ശരിവച്ചിരുന്നു.
രണ്ടു വർഷം മുൻപ് വിചാരണ ആരംഭിച്ചെങ്കിലും 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. 2017 സെപ്റ്റംബർ 5നാണു ഗൗരി വേടിയേറ്റു കൊല്ലപ്പെട്ടത്. തീവ്രഹിന്ദു സംഘടനാ പ്രവർത്തകരാണ് പ്രതികൾ. പുരോഗമനവാദികളായ പ്രഫ.എം.എം കൽബുർഗി, നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധക്കേസുകളിലും ഇവർക്കു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.