രാഹുൽ ഗാന്ധിക്കൊപ്പം നിന്നതിന് നോട്ടിസ്; ശമ്പളം തിരിച്ചടച്ച് റെയിൽവേയിൽ നിന്ന് പടിയിറങ്ങി വിനേഷ് ഫോഗട്ട്
Mail This Article
ന്യൂഡൽഹി ∙ പാർട്ടിയിൽ ചേരുംമുൻപ് വിനേഷ് ഫോഗട്ടിന് റെയിൽവേ കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും സ്ഥാപനം രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇരുവരും കോൺഗ്രസ് സ്ഥാനാർഥികളാകുമെന്ന വാർത്തയും വന്നു. ഇതു സർവീസ് ചട്ടത്തിന് എതിരാണെന്നും വിശദീകരണം നൽകണമെന്നുമായിരുന്നു നോട്ടിസിലുണ്ടായിരുന്നത്.
കോൺഗ്രസിൽ അംഗത്വം എടുക്കുന്നതിനു മുൻപ് ഉത്തര റെയിൽവേയുടെ ബറോഡ ഹൗസിലുള്ള ഓഫിസിലെത്തി വിനേഷ് രാജിക്കത്തു നൽകി. നോട്ടിസ് പീരിയഡിനു പകരം ഒരു മാസത്തെ ശമ്പളം തിരിച്ചടയ്ക്കുകയും വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തരമായി രാജി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.