ADVERTISEMENT

ന്യൂഡൽഹി∙ സിപിഎം പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷമില്ലാതെയും ശക്തമായിരുന്ന പക്ഷത്തിന്റെ നേതാവായിരുന്നു സീതാറാം യച്ചൂരി. ആശയപ്പോരായിരുന്നു പക്ഷങ്ങളെ സൃഷ്ടിച്ചതെങ്കിലും, മാധ്യമങ്ങൾ അവയെ സൗകര്യാർഥം യച്ചൂരിപക്ഷമെന്നും കാരാട്ട്പക്ഷമെന്നും വിശേഷിപ്പിച്ചു. ബംഗാൾ ഘടകമെന്നും കേരള ഘടകമെന്നും ഈ പക്ഷങ്ങളെ വേർതിരിച്ചു പറയുന്നതും സ്വാഭാവികമായിരുന്നു. കോൺഗ്രസിനോടുള്ള സമീപനവും പാർട്ടിയുടെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികളും സംബന്ധിച്ചായിരുന്നു പക്ഷങ്ങൾ തമ്മിലുള്ള പ്രധാന തർക്കങ്ങൾ.

2014ലാണ് യച്ചൂരി ആദ്യം രേഖ കൊണ്ടുവന്നത്. രണ്ടര പതിറ്റാണ്ടായി സ്വീകരിച്ചുപോന്ന രാഷ്ട്രീയ അടവുനയം വിശകലനം ചെയ്തുള്ള വിശദമായ രേഖ പിറ്റേ വർഷം വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും കൂട്ടരും താൽപര്യപ്പെട്ടു. അതിന്റെ രൂപരേഖ പൊളിറ്റ് ബ്യൂറോയിൽ അവതരിപ്പിച്ചു. 

  നയമല്ല, അതു നടപ്പാക്കിയ രീതിയാണ് വിശകലനം ചെയ്യേണ്ടതെന്ന വാദത്തിലൂടെ യച്ചൂരി, കാരാട്ടിന്റെ കാലമാണ് പരിശോധിക്കേണ്ടതെന്നു സൂചിപ്പിച്ചു. പിബി, കാരാട്ട്പക്ഷ നിലപാട് അംഗീകരിച്ചു. തുടർന്നാണ്, യച്ചൂരി ബദൽ രേഖയുമായി സിസിയിലെത്തിയത്. വിപ്ലവം മുദ്രാവാക്യത്തിലൊതുങ്ങുന്ന പാർട്ടിയെന്നായിരുന്നു രേഖയിൽ യച്ചൂരി ഉന്നയിച്ച വിമർശനം. പ്ലീനം വിളിച്ചുചേർക്കണമെന്നതുമുൾപ്പെടെ, സംഘടനയെ ശക്തമാക്കാൻ യച്ചൂരി നിർദേശിച്ച കാര്യങ്ങൾ പലതും സിസി അംഗീകരിച്ചു. അതിന്റെ പിൻബലവും ബംഗാൾ ഘടകത്തിന്റെ പിന്തുണയുമായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് യച്ചൂരി ആദ്യം ജനറൽ സെക്രട്ടറിയായത്. 

  2018ൽ സിസി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിനാണ് ജനറൽ സെക്രട്ടറി തന്നെ ബദൽ കൊണ്ടുവന്നത്. ഭൂരിപക്ഷ നിലപാട് കാരാട്ടും മറുവാദം യച്ചൂരിയും അവതരിപ്പിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്നായിരുന്നു കാരാട്ട്പക്ഷത്തിന്റെ നിലപാട്. കോൺഗ്രസുൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി ധാരണ വേണമെന്ന് യച്ചൂരി നിലപാടെടുത്തു. കോൺഗ്രസുമായി ധാരണയെന്ന നിലപാട് അംഗീകരിക്കപ്പെട്ടു. 

യച്ചൂരിയെ മൂന്നാം തവണ രാജ്യസഭയിലേക്ക് അയയ്ക്കേണ്ടതില്ലെന്നു 2017ൽ തീരുമാനിക്കാൻ സിസിയിൽ വോട്ടെടുപ്പു വേണ്ടിവന്നു. യച്ചൂരി വീണ്ടും രാജ്യസഭയിൽ വേണ്ടെന്ന പിബിയുടെ നിർദേശത്തെ അനുകൂലിച്ച് 50 പേരും എതിർത്ത് 30 പേരും വോട്ടു ചെയ്തു. പ്രമേയം പാസാക്കി തീരുമാനമെടുക്കേണ്ട ക്ലബ് അല്ല സിപിഎമ്മെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ ഇർഫാൻ ഹബീബ് അന്നു പരസ്യവിമർശനം ഉന്നയിച്ചിരുന്നു. 

ഇടയ്ക്ക് കോൺഗ്രസ് ബന്ധത്തിന്റെ പേരിലുള്ള തർക്കങ്ങളുടെ പേരിൽ യച്ചൂരി ജനറൽ സെക്രട്ടറിസ്ഥാനം രാജിവയ്ക്കുമെന്നു പറയുന്ന സാഹചര്യവുമുണ്ടായി.

English Summary:

Even without majority Sitaram Yechury was leader of strong party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com