ഭക്ഷ്യ എണ്ണ ഇറക്കുമതി: തീരുവ കൂട്ടി കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കു കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇതിനായി പാമോയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയ്ക്ക് 20% ഇറക്കുമതിത്തീരുവ ചുമത്തി. ഇന്ത്യയിലെ കർഷകർക്കും ഭക്ഷ്യ എണ്ണ ഉൽപാദകർക്കും ഈ തീരുമാനം നേട്ടമാകും. ആഭ്യന്തര വിലക്കയറ്റം തടയാനാണു മുൻപ് ഇറക്കുമതി തീരുവ ഒഴിവാക്കിയത്. ഇതുവഴി കുറഞ്ഞനിരക്കിൽ വൻതോതിൽ ഇറക്കുമതി നടക്കുകയും ആഭ്യന്തര ഉൽപാദനത്തെ ബാധിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി വരുന്നതു കണക്കിലെടുത്താണു പുതിയ തീരുമാനം.
ഇറക്കുമതി തീരുവ വർധിപ്പിക്കണമെന്ന് നിതി ആയോഗും ശുപാർശ ചെയ്തിരുന്നു.പുതിയ വിജ്ഞാപനമനുസരിച്ച് അസംസ്കൃത പാമോയിൽ, സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ പൂജ്യമായിരുന്നത് 20 ശതമാനമാക്കി. റിഫൈൻഡ് എണ്ണയ്ക്കു തീരുവ 12.5ൽ നിന്നു 32.5 ശതമാനവുമാക്കി. ഇതിനുപുറമേ, അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്മെന്റ് സെസും ചുമത്തി. ഇതോടെ അസംസ്കൃത എണ്ണയുടെ നിരക്ക് 5.5 ശതമാനത്തിൽനിന്നു 27.5 ശതമാനമായും റിഫൈൻഡ് എണ്ണയുടേത് 13.75ൽ നിന്ന് 35.75 ശതമാനമായും കൂടും.