സെബി മേധാവി ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തി: കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ കോൺഗ്രസ് ആരോപണം കടുപ്പിച്ചു. സെബി മേധാവിയുടെ വിശദീകരണക്കുറിപ്പിനു പിന്നാലെയാണു പുതിയ ആരോപണങ്ങൾ.
-
Also Read
പോക്സോ കേസ് നൽകിയതിന് ഊരുവിലക്ക്
ചൈനീസ് കമ്പനികളിലടക്കം മാധബി നിക്ഷേപം നടത്തിയെന്നും ചട്ടവിരുദ്ധമായി 36.96 കോടി രൂപയുടെ ലിസ്റ്റഡ് സെക്യൂരിറ്റികൾ ട്രേഡ് ചെയ്തുവെന്നും കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കാര്യം അറിയാമായിരുന്നോ എന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.
ചൈനയുമായി ഇന്ത്യയുടെ ബന്ധം മോശമായിരുന്ന സമയത്താണ് മാധബി ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തിയതെന്നാണു പ്രധാന ആരോപണം. 2017–23 കാലത്താണ് ഇടപാടുകൾ നടന്നതെന്നും ഈ സമയത്ത് അവർ സെബി അംഗമോ അധ്യക്ഷയോ ആയിരുന്നുവെന്നും ആരോപിച്ചു.
കോൺഗ്രസിന്റെ തുടർച്ചയായ ആരോപണങ്ങളെത്തുടർന്നാണ് കഴിഞ്ഞ ദിവസം മാധബി രണ്ടാമത്തെ വിശദീകരണക്കുറിപ്പ് ഇറക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ കേസ് മാധബി കൈകാര്യം ചെയ്യുന്നതിനിടെ ഭർത്താവ് ധവലിന് കമ്പനിയിൽനിന്ന് 4.78 കോടി രൂപയുടെ വരുമാനം ലഭിച്ചെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആരോപണം.
മഹീന്ദ്ര ഗ്രൂപ്പിന്റെ വിഷയങ്ങൾ സെബി പരിഗണിച്ചപ്പോഴൊക്കെ താൻ വിട്ടുനിന്നിരുന്നുവെന്നു മാധബി വ്യക്തമാക്കി. നിയമപരമായി വെളിപ്പെടുത്തേണ്ട കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.