കേസ് പരിഗണനാ ക്രമത്തിൽ തിരിമറി; വിശദീകരണം തേടി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ കേസുകളുടെ പരിഗണനാക്രമത്തിൽ ചിലർ തിരിമറി നടത്തുന്നുവെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദീകരണം നൽകാൻ റജിസ്ട്രിയോടു ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഒക്ടോബർ 14ലേക്കു മാറ്റിയ ഒരു കേസ് അപ്രതീക്ഷിതമായി ബെഞ്ചിന്റെ പരിഗണനയിലെത്തിയതോടെയാണു കോടതി ഇടപെട്ടത്.
കേസ് ലിസ്റ്റിങ്ങിനെ മനഃപൂർവം സ്വാധീനിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നു പറഞ്ഞ കോടതി ഇത്തരം നടപടികൾ ഒരിക്കലും അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ‘ആരോ ചിലർ റജിസ്ട്രിയിൽ കൈകടത്തുകയും മുൻപു നൽകിയ ഉത്തരവുകൾക്കു വിരുദ്ധമായി ലിസ്റ്റിങ് രീതികളിൽ തിരിമറി നടത്തുകയും ചെയ്യുന്നുണ്ട്. ഇതൊരിക്കലും അനുവദിക്കാനാവില്ല’– കോടതി പറഞ്ഞു.
നടപടിക്രമം പാലിക്കാതെ കേസ് ലിസ്റ്റ് ചെയ്യുന്നതിനെതിരെ മുൻപും സുപ്രീം കോടതി വിമർശനം ഉയർത്തിയിട്ടുണ്ട്. കേസിന്റെ പരിഗണനാ തീയതി നിശ്ചയിക്കുന്നതടക്കം ഭരണനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥ സംവിധാനമാണു റജിസ്ട്രി.