തിരുപ്പതി ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആരോപണം: കോടതി അന്വേഷണത്തിന് ഹർജി
Mail This Article
ന്യൂഡൽഹി ∙ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തു. റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനു പുറമേ, നെയ്യ് സാംപിളിൽ ഫൊറൻസിക് പരിശോധന വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.
വിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചതായി ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും സുദർശൻ ന്യൂസ് ടിവി എഡിറ്റർ സുരേഷ് ഷാവ്‌ഹാങ്കേയും സുപ്രീം കോടതിയിൽ ഹർജി നൽകി. സമാന ആവശ്യവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മുൻ അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന വൈ.വി. സുബ്ബറെഡ്ഡിയും സുപ്രീം കോടതിയെ സമീപിച്ചു.
ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് ക്ഷേത്രത്തിൽ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും മറ്റും ഉപയോഗിച്ചെന്ന് ആന്ധാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചതിനു പിന്നാലെയാണു വിഷയം സുപ്രീം കോടതിയിലെത്തിയത്.
നെയ്യ് വിതരണം ചെയ്ത തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള കമ്പനിക്കു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഇവിടെനിന്നു ശേഖരിച്ച സാംപിളിലും അസ്വാഭാവികത കണ്ടെത്തിയതായാണു വിവരം.
ഇതിനിടെ, ആരോപണങ്ങളിൽ അന്വേഷണത്തിനായി ആന്ധ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ലഡുവിൽ മൃഗക്കൊഴുപ്പും മറ്റും ചേർക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് തിരുപ്പതിയിൽ ചേർന്ന വിശ്വ ഹിന്ദു പരിഷത് യോഗം ആവശ്യപ്പെട്ടു. ലഡുവിലെ മൃഗക്കൊഴുപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ശുദ്ധികർമം നടന്നു. രാവിലെ 6 മുതൽ 10 വരെ നാലു മണിക്കൂറായിരുന്നു ചടങ്ങെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.