ഒമറിന് രണ്ടാണ് അഗ്നിപരീക്ഷ: ഗാൻദെർബാൽ, ബഡ്ഗാം മണ്ഡലങ്ങളിൽ വിജയം അനായാസമല്ല
Mail This Article
ഒമർ അബ്ദുല്ല മത്സരിക്കുന്നത് 2 മണ്ഡലങ്ങളിലാണ്, രണ്ടും ശ്രീനഗറിൽ നിന്ന് 25 കിലോ മീറ്റർ അകലെ. ഗാൻദെർബാൽ, ബഡ്ഗാം മണ്ഡലങ്ങളിൽനിന്നാണ് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് കൂടിയായ മുൻ മുഖ്യമന്ത്രി ജനവിധി തേടുന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യത്തിന് കനത്ത വെല്ലുവിളിയുയർത്താൻ പിഡിപിക്കു പുറമേ അപ്നി പാർട്ടി, പീപ്പിൾസ് കോൺഫറൻസ്, അവാമി ഇത്തേഹാദ് പാർട്ടി പ്രാദേശിക കക്ഷികളുമുണ്ട്. സ്വതന്ത്ര സ്ഥാനാർഥികൾ പിടിക്കുന്ന വോട്ടുകളും നിർണായകമാകും.
ഫാറൂഖ് അബ്ദുല്ല കുടുംബത്തിന്റെ തട്ടകമായി കരുതുന്ന ഗാൻദെർബാലിൽനിന്ന് ജയിച്ചിട്ടാണ് ഒമർ 2008 ൽ മുഖ്യമന്ത്രിയായത്. ഫാറൂഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പിതാവ് ഷെയ്ഖ് അബ്ദുല്ലയും ഇവിടെ ജയിച്ചിട്ടുണ്ട്. അവസാനമായി തിരഞ്ഞെടുപ്പു നടന്ന 2014ൽ നാഷനൽ കോൺഫറൻസിന്റെ മിയാൻ അൽത്താഫ് വെറും 1400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിഡിപിയുടെ ബഷീർ മിറിനെ തോൽപിച്ചത്. ഇത്തവണ ബഷീർ മിർ വലിയ വിജയപ്രതീക്ഷയിലാണ്. ജനങ്ങൾക്കു സമീപിക്കാൻ കഴിയുന്ന ജനപ്രതിനിധിയായിരിക്കും താനെന്ന് അദ്ദേഹം പറയുന്നു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകളും പാർട്ടിയുടെ യുവജനവിഭാഗം പ്രസിഡന്റുമായ ഇൽതിജ മുഫ്തി ബഷീർ മിറിനു വേണ്ടി പ്രചാരണം നടത്തുന്നു.
ഇതിനു പുറമേ നാഷനൽ കോൺഫറൻസ് നേതാവ് ഇഷ്ഫഖ് ജബ്ബർ സ്വതന്ത്രനായി മത്സരിക്കുന്നത് ഒമറിന്റെ വോട്ടുകൾ ചോർത്തിയേക്കും. സർജാൻ ബർകാതി എന്നറിയപ്പെടുന്ന പുരോഹിതനായ സർജാൻ അഹമ്മദ് വഗായ്, കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റായ അവാമി ഇത്തേഹാദ് പാർട്ടിയുടെ ഷെയ്ഖ് ആഷിഖ് എന്നിവരും ഒമറിന് വെല്ലുവിളിയുയർത്തുന്നു. രണ്ടുപേരും ‘ബിജെപി ഏജന്റുമാർ’ ആണെന്ന് ഒമർ ആരോപിക്കുന്നു. ഗാൻദെർബാലിൽ കേന്ദ്ര സർവകലാശാല കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് ഒമർ വോട്ടു ചോദിക്കുന്നത്.
പിതാവ് ഫാറൂഖ് അബ്ദുല്ലയ്ക്കു പുറമേ ഒമറിന്റെ മക്കളായ സഹീർ, സമീർ എന്നിവരും പ്രചാരണരംഗത്ത് സജീവമാണ്. ഷിയ ഭൂരിപക്ഷ മണ്ഡലമായ ബഡ്ഗാമിലും ഒമർ കനത്ത വെല്ലുവിളി നേരിടുന്നു. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള ആഗ കുടുംബാംഗമായ ആഗ സയ്യിദ് മുംതാസിർ ആണ് പിഡിപി സ്ഥാനാർഥി. നാഷനൽ കോൺഫറൻസ് എംപിയായ ആഗ സയ്യിദ് റൂല്ലാഹ് മെഹ്ദിയുടെ അടുത്ത ബന്ധുകൂടിയാണ് ഇദ്ദേഹം. മണ്ഡലത്തിലെ 40% വരുന്ന ഷിയ വോട്ടുകൾ ഇരു സ്ഥാനാർഥികൾക്കുമിടയിൽ വിഭജിച്ചു പോകാനാണ് സാധ്യത. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറണമെങ്കിൽ ഒമറിന് വിജയം അനിവാര്യമാണ്.