അഭ്യൂഹങ്ങൾക്ക് വിരാമം; സെൽജ വീണ്ടും കോൺഗ്രസ് വേദിയിൽ
Mail This Article
ന്യൂഡൽഹി ∙ ബിജെപിയിൽ ചേരുമെന്നതുൾപ്പെടെ അഭ്യൂഹങ്ങൾ തള്ളി ഹരിയാനയിലെ മുതിർന്ന നേതാവ് കുമാരി സെൽജ കോൺഗ്രസ് വേദിയിൽ മടങ്ങിയെത്തി. ഇന്നലെ ഹരിയാനയിലെ കർണാലിൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട സെൽജ, മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായും പ്രചാരണം നടത്തി. രണ്ടാഴ്ച നീണ്ട നിശ്ശബ്ദതയ്ക്കു ശേഷമാണു മടങ്ങിവരവ്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ദലിത് വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള സെൽജയുടെ അതൃപ്തി പാർട്ടിക്കു തിരിച്ചടിയാകുമെന്ന നിരീക്ഷണമുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും മനോഹർ ലാൽ ഖട്ടറും സെൽജയുടെ അതൃപ്തി അവസരമാക്കാൻ രംഗത്തെത്തുകയും ചെയ്തു.
കോൺഗ്രസ് ദലിത് വിരുദ്ധ പാർട്ടിയാണെന്നു തെളിയിക്കുന്നതാണ് സെൽജയോടുള്ള അവഗണനയെന്നു പറഞ്ഞ ഖട്ടർ, അവർ ബിജെപിയിലെത്തിയാൽ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന സൂചനയും നൽകി. എന്നാൽ, കോൺഗ്രസിനോടുള്ള തന്റെ പ്രതിബദ്ധതയുടെ കാര്യത്തിൽ സംശയം തോന്നിയിട്ടില്ലെന്നും കോൺഗ്രസുകാരിയായിത്തന്നെ മരിക്കുമെന്നുമായിരുന്നു സെൽജയുടെ പ്രതികരണം.
പ്രചാരണത്തിൽ സജീവമായെങ്കിലും സെൽജയും ഭൂപീന്ദർ ഹൂഡയും തമ്മിലുള്ള വടംവലി പാർട്ടിയിൽ തുടരുമെന്നു വ്യക്തമാണ്. സ്ഥാനാർഥിനിർണയത്തിൽ സെൽജയുടെ അനുയായികളെ തഴഞ്ഞ ഹൂഡ പ്രചാരണപോസ്റ്ററുകളിലും മറ്റും അവരെ തഴയുന്നതു തുടരുകയാണ്.