ADVERTISEMENT

കൊൽക്കത്ത ∙ യുദ്ധപരിശീലനം നേടിയ 900 കുക്കികൾ മ്യാൻമർ അതിർത്തികടന്ന് സംസ്ഥാനത്തു പ്രവേശിച്ചുവെന്ന വ്യാജ ഇന്റലിജൻസ് റിപ്പോർട്ട് മണിപ്പുരിലെ സ്ഥിതി സ്ഫോടനാത്മകമാക്കി. റിപ്പോർട്ട് തെറ്റാണെന്ന് മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവും ഡിജിപിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചെങ്കിലും കലാപത്തിലേർപ്പെട്ട ഇരു വിഭാഗവും വൻ സന്നാഹങ്ങളുമായി സജ്ജമായിരിക്കുകയാണ്. നാളെ ആക്രമണം നടക്കുമെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. 

തെറ്റായ ഇന്റലിജൻസ് റിപ്പോർട്ട് പ്രചരിപ്പിക്കുക വഴി കൂട്ടമരണങ്ങൾ സംഭവിച്ചാൽ മുഖ്യമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവുമായിരിക്കും ഉത്തരവാദികളെന്ന് കുക്കി സംഘടനകൾ പറഞ്ഞു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഓഫിസ് ബോധപൂർവം വ്യാജ പ്രചാരണം നടത്തുകയാണ് ചെയ്തത്. നേരത്തേ ജിരിബാമിൽ കുക്കി സായുധ സംഘങ്ങൾ എത്തിയെന്ന റിപ്പോർട്ടിനു ശേഷമാണ് കുക്കികൾക്കു നേരെ ആക്രമണമുണ്ടായതെന്ന് കുക്കി സംഘടനയായ ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആരോപിച്ചു. 

അതിനിടെ മെയ്തെയ് സംഘടനകൾ ആക്രമണത്തിന് തയാറെടുത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ കുക്കി ജില്ലകളിലെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. നാളെ കുക്കി ഭൂരിപക്ഷ ജില്ലകളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

കള്ളി പൊളിച്ചത് ഇന്ത്യൻ കരസേന

ഇന്ത്യൻ കരസേനയുടെ ഇടപെടലാണ് ‘ഇന്റലിജൻസ് റിപ്പോർട്ടി’ന്റെ കള്ളക്കളി പൊളിച്ചത്. ഡിജിപിക്ക് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ സെക്രട്ടറി എഴുതിയ രഹസ്യസ്വഭാവമുള്ള കത്തിൽ ഡ്രോൺ ആക്രമണം, വനമേഖലയിലെ യുദ്ധം, റോക്കറ്റ് ആക്രമണം എന്നിവയിൽ പരിശീലനം നേടിയ 900 കുക്കി ഭീകരർ മ്യാൻമറിൽ നിന്ന് അതിർത്തി കടന്നതായി പറഞ്ഞിരുന്നു. പിന്നാലെ മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവും സിആർപിഎഫ് മുൻ ഡയറക്ടർ ജനറലുമായ കുൽദീപ് സിങ് ഇത് സ്ഥിരീകരിച്ചു.

ഈ പത്രസമ്മേളനത്തിന്റെ വാർത്ത ട്വീറ്റ് ചെയ്ത് കരസേനയുടെ ദിമാപുർ ആസ്ഥാനമായ സ്പിയർ കോർ വിശദീകരണം തേടി. സമൂഹമാധ്യമത്തിലൂടെയുള്ള സേനയുടെ ഇടപെടൽ അധികൃതർക്ക് അമ്പരപ്പുണ്ടാക്കി. അതിർത്തിയുടെ ചുമതലയുള്ള അസം റൈഫിൾസ് അറിയാതെയുള്ള കുക്കി സായുധ സംഘത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് വ്യാജമാണെന്ന് ആരോപണമുയർന്നു. തുടർന്ന് സുരക്ഷാ ഉപദേഷ്ടാവും ഡിജിപിയും ഇന്റലിജൻസ് റിപ്പോർട്ടിൽ വാസ്തവമില്ലെന്ന് കഴിഞ്ഞ ദിവസം വൈകി പ്രസ്താവനയിറക്കി. മുഖ്യമന്ത്രിയുടെ ഓഫിസും ഇത് പിന്നീട് അംഗീകരിച്ചു. 

English Summary:

Fake intelligence report that 900 Kukis who received war training entered Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com