നീറ്റ് യുജി ചോദ്യചോർച്ച: ചോർത്തിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് 9 എംബിബിഎസ് വിദ്യാർഥികൾ
Mail This Article
ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോർത്തിയ ചോദ്യപ്പേപ്പറിന് ഉത്തരങ്ങൾ കണ്ടെത്തിയത് 9 എംബിബിഎസ് വിദ്യാർഥികൾ ഒരുമിച്ചിരുന്നാണെന്നു സിബിഐയുടെ കുറ്റപത്രം. 21 പ്രതികൾക്കെതിരെ പട്നയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണു ചോർത്തലിന്റെ വിശദാംശങ്ങളുള്ളത്.
ജാർഖണ്ഡ് ഹസാരിബാഗ് ഒയാസിസ് സ്കൂളിലെ കൺട്രോൾ റൂമിൽ നിന്ന് മേയ് 5ന് രാവിലെ 8ന് ശേഷം പ്രതി പങ്കജ് കുമാർ ആണ് ചോദ്യപ്പേപ്പർ ചോർത്തിയത്. ‘കൂട്ടുപ്രതികളായ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ ഒത്താശയോടെയാണു പങ്കജ് കുമാർ കൺട്രോൾ റൂമിലെത്തിയത്. പെട്ടിയുടെ സീൽ ഇളക്കി, ഒരു ചോദ്യപ്പേപ്പർ പുറത്തെടുക്കുകയും അതിന്റെ എല്ലാ പേജുകളുടെയും ഫോട്ടോ എടുത്ത ശേഷം തിരികെ വയ്ക്കുകയും സീൽ പഴയ രീതിയിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. സീൽ ഇളക്കാനും പുനഃസ്ഥാപിക്കാനും ഉപയോഗിച്ച ടൂൾ കിറ്റ് പിടിച്ചെടുത്തിട്ടുണ്ട്. ഹസാരിബാഗ് രാജ് ഗെസ്റ്റ് ഹൗസിലുണ്ടായിരുന്ന കൂട്ടാളി സുരേന്ദ്ര കുമാർ ശർമയ്ക്കാണു പങ്കജ് കുമാർ ഫോട്ടോകൾ കൈമാറിയത്. ഗെസ്റ്റ് ഹൗസിലുണ്ടായിരുന്ന 9 എംബിബിഎസ് വിദ്യാർഥികൾക്കായിരുന്നു ഉത്തരങ്ങൾ കണ്ടെത്തേണ്ട ജോലി.
തുടർന്നു ഉത്തരങ്ങൾ അടങ്ങിയ ചോദ്യപ്പേപ്പറുകൾ ഗെസ്റ്റ് ഹൗസിലുണ്ടായിരുന്ന നീറ്റ് പരീക്ഷാർഥികൾക്ക് നൽകി. പിന്നീടിതു സ്കാൻ ചെയ്ത്, വിവിധ സ്ഥലങ്ങളിലുള്ള സംഘാംഗങ്ങൾക്ക് അയച്ചു കൊടുത്തു. അവർ, പ്രിന്റ് എടുത്ത്, തിരഞ്ഞെടുത്ത ചില പരീക്ഷാർഥികൾക്കു ചില കേന്ദ്രങ്ങളിൽ വച്ച് നേരിട്ടു നൽകി.
നേരത്തെ പണം നൽകിയവർക്കു മാത്രമായിരുന്നു ഈ കേന്ദ്രങ്ങളിൽ പ്രവേശനം. ചോദ്യപ്പേപ്പർ വിദ്യാർഥികൾ ഈ കേന്ദ്രങ്ങൾക്കു പുറത്തു കൊണ്ടുപോകുന്നില്ലെന്നു ദേഹപരിശോധനയിലൂടെ ഉറപ്പാക്കി. വിതരണ കേന്ദ്രങ്ങളിലുണ്ടായിരുന്ന 144 വിദ്യാർഥികൾക്കെതിരായ നിയമനടപടി തുടങ്ങിയിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്തവരും ചോദ്യം ചോർത്തിയവരും അടക്കം 49 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.