ഹൂഡയെ കയറൂരിവിട്ടു, തോൽവിയിലേക്ക്; ഹരിയാനയിൽ സാഹചര്യങ്ങൾ അനുകൂലമായിട്ടും മുതലാക്കാനാകാതെ കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നു ലോകം മുഴുവൻ പറഞ്ഞപ്പോൾ അതിൽ മയങ്ങി വീണുപോയതാരാണ്? കോൺഗ്രസ് തന്നെയെന്നുത്തരം. ബിജെപിയുമായി ഒപ്പത്തിനൊപ്പം വോട്ടുപിടിച്ചിട്ടും എന്തുകൊണ്ടു നമ്മൾ തോറ്റുവെന്നു കോൺഗ്രസുകാർ പോലും പരസ്പരം ചോദിക്കുന്നു. ലളിതമായൊരു മറുപടി അതിനില്ല. അമിത ആത്മവിശ്വാസവും കയറൂരിവിട്ട പ്രാദേശിക നേതൃത്വവും പ്രധാന കാരണങ്ങളായി.
കർഷകപ്രശ്നങ്ങൾ, ഗുസ്തി താരങ്ങളോടുള്ള അവഹേളനം, അഗ്നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങൾ കൊണ്ടുമാത്രം ഭരണത്തിലെത്തുമെന്നു വിശ്വസിച്ച നേതൃത്വം യഥാർഥ വെല്ലുവിളികൾ കണ്ടില്ല. ബിജെപിക്കെതിരായ നേർക്കുനേർ മത്സരത്തിലൂടെ ഉത്തരേന്ത്യയിൽ ശക്തമായ തിരിച്ചുവരവിനുള്ള സുവർണാവസരമാണ് അതുവഴി കോൺഗ്രസിനു നഷ്ടമായത്. 2018നു ശേഷം ഹിമാചൽപ്രദേശിലൊഴികെ ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തും കോൺഗ്രസിനു തനിച്ചു ജയിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്സഭാ ഫലവും മറ്റു സാഹചര്യങ്ങളും അനുകൂലമായിരിക്കെയാണ് ഈ വീഴ്ച.