ADVERTISEMENT

ന്യൂഡൽഹി ∙ പ്രചാരണത്തിലെ പതിവ് ആക്രമണോത്സുകത കാട്ടാത്ത നരേന്ദ്ര മോദിയും ആത്മവിശ്വാസത്തോടെ ഇറങ്ങിക്കളിച്ച രാഹുൽ ഗാന്ധിയുമായുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. 2014–ൽ മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങനെയൊരു മാറ്റം ഉണ്ടായിരുന്നില്ല. പ്രചാരണത്തിലെ കണക്കിൽ മോദിയെ പിന്നിലാക്കാൻ രാഹുലിനു കഴിഞ്ഞു.

രാഹുലിന്റെ മാറ്റുരയ്ക്കലായി കോൺഗ്രസ് തന്നെ ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തി. 2019–ലെ പരാജയ ശേഷം പാർട്ടി അധ്യക്ഷ പദവി രാജിവയ്ക്കുമ്പോൾ രാഹുൽ പറഞ്ഞിടത്തു തന്നെ കാര്യങ്ങളെത്തുന്നു: കോൺഗ്രസിനു തനിച്ചു ജയിക്കാവുന്ന ഒന്നല്ല തിരഞ്ഞെടുപ്പ്.

ബ്രാൻഡ് മോദിയല്ല, ബിജെപി

ജമ്മു കശ്മീരിലും ഹരിയാനയിലും ഇക്കുറി 4 വീതം റാലികളിൽ മാത്രമേ മോദി പങ്കെടുത്തുള്ളൂ. മുൻ തിരഞ്ഞെടുപ്പുകളുമായുള്ള താരതമ്യത്തിൽ അതു മോദിയുടെ പിന്മാറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. ‘ബ്രാൻഡ് മോദി’ക്കാണ് വോട്ടെന്ന പ്രതീതി രണ്ടിടത്തും ഉണ്ടായതുമില്ല. ഫലത്തിൽ മോദി പ്രഭാവത്തെക്കാൾ സംഘടനാമികവുകൊണ്ടു ജയിക്കാൻ ബിജെപി ആസൂത്രണം നടത്തി.

അടിത്തട്ടിൽ ചലിക്കുന്ന ഒന്നായി പാർട്ടി വളർന്നതാണ് ബിജെപിയുടെ വിജയസൂത്രമെന്നു വ്യക്തം. ഒപ്പം നിന്ന ചെറുപാർട്ടികളുടെ നേതാക്കൾ ബിജെപിക്കാരായി മാറിയതും ഇതിനോടു ചേർത്തുവായിക്കണം. ജമ്മു മേഖലയിൽ സീറ്റെണ്ണം വർധിപ്പിച്ചതിന്റെ ക്രെഡിറ്റും മോദിയുടെ അക്കൗണ്ടിൽ അല്ല. മറിച്ചു ബിജെപി മുന്നോട്ടുവച്ച രാഷ്ട്രീയത്തിനാണ്. പാർട്ടിയെക്കാൾ മോദി വളർന്നുവെന്ന വിമർശനങ്ങൾക്കിടയിലും ബിജെപി അടിത്തറ കൊണ്ടു വിജയം നേടിയിരിക്കുന്നു.

ബ്രാൻഡ് രാഹുലുണ്ട്, പാർട്ടിയില്ല

ദേശീയതലത്തിൽ മോദിയുടെ രാഷ്ട്രീയ വളർച്ചാകാലത്തു കോൺഗ്രസിന്റെ മുഖം രാഹുലായിരുന്നെങ്കിലും അതിനു സ്വീകാര്യത വന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു. ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അതു പ്രതിഫലിച്ചു.

തിരഞ്ഞെടുപ്പു വേദികളിൽ രാഹുൽ കഠിനമായി അധ്വാനിച്ചപ്പോൾ കോൺഗ്രസിനാകെ ആത്മവിശ്വാസം വന്നു. പക്ഷേ, താഴെത്തട്ടിൽ എന്തുണ്ട് എന്ന ചോദ്യത്തിനുള്ള വിലയാണ് ഹരിയാനയിലും ശക്തികേന്ദ്രമായ ജമ്മു മേഖലയിലും കോൺഗ്രസിനു നൽകേണ്ടി വന്നത്. സംഘടനാ ദൗർബല്യം തുടരുന്ന കോൺഗ്രസിൽ രാഹുൽ പ്രഭാവം മാത്രം ജയമെത്തിക്കില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുന്നു.

ദലിതരെയും ഒബിസിക്കാരെയും കർഷകരെയും തമ്മിലടിപ്പിക്കാനാണു കോൺഗ്രസ് ശ്രമിച്ചത്. അധികാരത്തിനാണവരുടെ ശ്രമം, ജനനന്മയ്ക്കല്ല. മറ്റു പാർട്ടികളെ ആശ്രയിച്ചു ജീവിക്കുന്ന പരാദമാണു കോൺഗ്രസ്.

English Summary:

Congress and BJP performance in Haryana and Jammu Kashmir assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com