യുഎസ് തേടുന്ന വികാസ് യാദവ് ഡൽഹിയിൽ മുൻപേ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യുഎസിൽ കുറ്റം ചുമത്തപ്പെട്ട ‘റോ’ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവ് (വികാഷ് യാദവ്) കഴിഞ്ഞവർഷം ഡിസംബറിൽ മറ്റൊരു കേസിൽ ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നതായി വിവരം. ഐടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവരാൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഇയാൾ തിഹാർ ജയിലിൽനിന്ന് ഇക്കൊല്ലം ഏപ്രിലിൽ ജാമ്യത്തിലിറങ്ങിയെന്നും ഡൽഹി പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
വികാസിനു കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുണ്ടെന്നും വ്യവസായിയുടെ പരാതിയിൽ ആരോപിച്ചിരുന്നു. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചതെന്നും പിന്നീട് ബലപ്രയോഗത്തിലൂടെ ഡിഫൻസ് കോളനിയിലെ ഫ്ലാറ്റിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം.
സ്വർണമാലയും മോതിരവും പണവും തട്ടിയശേഷം വഴിയരികിൽ ഉപേക്ഷിച്ചുകടന്നതായും പരാതിയിലുണ്ട്. വികാസിനെതിരെ വധശ്രമം, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് മാർച്ചിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഹരിയാന പ്രാൺപുര സ്വദേശിയെന്നാണ് കുറ്റപത്രത്തിൽ വികാസിനെക്കുറിച്ചു പറയുന്നത്. ജോലി പരാമർശിച്ചിട്ടില്ല. മകളുടെ അസുഖം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷയിലാണു ജാമ്യം ലഭിച്ചത്.