എക്സിറ്റ് പോൾ, സർവേ: നവംബർ 20 വരെ പ്രസിദ്ധീകരിക്കരുത്
Mail This Article
ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലോക്സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ, സർവേ ഫലങ്ങൾ നവംബർ 20നു വരെ പ്രസിദ്ധീകരിക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കി. നവംബർ 13ന് രാവിലെ 7 മുതൽ 20ന് വൈകിട്ടു വൈകിട്ട് 6.30 വരെയാണ് വിലക്ക്.
നവംബർ 13നാണു കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകൾ. അസം (5 മണ്ഡലം), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), പഞ്ചാബ് (4), യുപി (9), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6) എന്നിവിടങ്ങളിലും ഇതേ ദിവസമാണു നിയമസഭാ ഉപതിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ നന്ദേദ് ലോക്സഭാ മണ്ഡലത്തിലും ഉത്തരാഖണ്ഡ് കേദാർനാഥ് നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നവംബർ 20ന് ആണ്. ജാർഖണ്ഡിൽ നവംബർ 13നും 20നും മഹാരാഷ്ട്രയിൽ നവംബർ 20നും ആണു വോട്ടെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണൽ 23ന് നടക്കും.