കോൺഗ്രസ് ടിക്കറ്റിൽ ‘ബിജെപി നേതാവ്’; മകനെ ഇറക്കി കുമാരസ്വാമി
Mail This Article
ബെംഗളൂരു∙ കേന്ദ്രമന്ത്രി കുമാരസ്വാമി രാജിവച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചന്നപട്ടണയിൽ ബിജെപിയിൽ നിന്നു കഴിഞ്ഞ ദിവസം രാജിവച്ച നിയമസഭാ കൗൺസിൽ അംഗം സി.പി.യോഗേശ്വർ കോൺഗ്രസ് സ്ഥാനാർഥിയാകും. കുമാരസ്വാമിയുടെ മകനും യുവജനതാദൾ സംസ്ഥാന അധ്യക്ഷനുമായ നിഖിൽ ഗൗഡയെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ വാശിയേറിയ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. എൻഡിഎ സ്ഥാനാർഥിത്വം ലഭിക്കാതായതോടെയാണ് 5 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യോഗേശ്വർ കൂറുമാറിയത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2023 നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട നടൻ കൂടിയായ നിഖിലിന് രാഷ്ട്രീയ ഭാവി ഉറപ്പാക്കാൻ ഇത്തവണ വിജയം അനിവാര്യമാണ്. കോൺഗ്രസ് നേതാവ് ഇ.തുക്കാറാം എംപിയായതോടെ ഒഴിവുവന്ന ബെള്ളാരിയിലെ സന്ദൂരിൽ ഭാര്യ ഇ.അന്നപൂർണയാണ് കോൺഗ്രസ് സ്ഥാനാർഥി. ഷിഗ്ഗാവിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എംപിയുടെ മകൻ ഭരത്ത് ബി.ബൊമ്മെ ബിജെപിക്കു വേണ്ടി മത്സരിക്കും.