ADVERTISEMENT

ന്യൂഡൽഹി ∙ വയോജന ചികിത്സയുടെ ഭാഗമായി സ്വതന്ത്രമായി മരുന്നു നൽകാനും ചികിത്സ നിർദേശിക്കാനും കഴിയുന്ന നഴ്സിങ് പ്രാക്ടിഷണർമാരെ സൃഷ്ടിക്കാൻ രാജ്യത്തു പുതിയ ബിരുദാനന്തര ബിരുദ കോഴ്സ് വരുന്നു. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞവർക്കായി 2 വർഷത്തെ നഴ്സിങ് പ്രാക്ടിഷണർ ഇൻ ജെറിയാട്രിക് നഴ്സിങ് (എൻപിജിഎൻ) എന്ന പാഠ്യപദ്ധതി ഇന്ത്യൻ നഴ്സിങ് കൗൺസിൽ രൂപപ്പെടുത്തി. വൈകാതെ ഇതു നഴ്സിങ് കോളജുകളിലും മെഡിക്കൽ കോളജുകളിലും ആരംഭിക്കും. കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ‘എൻപിജിഎൻ’ പുതിയ കേഡറായി പ്രവർത്തിക്കും. 

കോഴ്സ് പൂർത്തിയാക്കുന്നവർക്കു സംസ്ഥാന നഴ്സ് ആൻഡ് മിഡ്‌വൈഫ്സ് റജിസ്ട്രേഷൻ കൗൺസിലിൽ (എസ്എൻആർസി) പ്രത്യേകം റജിസ്ട്രേഷൻ വരും. ആശുപത്രികളിൽ നഴ്സിങ് പ്രാക്ടിഷണർമാർക്ക് ഉചിതമായ തസ്തിക സൃഷ്ടിക്കാനും ലൈസൻസ് അനുവദിക്കാനും നയപരമായ മാറ്റമുണ്ടാകുമെന്നും കൗൺസിൽ വ്യക്തമാക്കി. എൻപിജിഎൻ വിദ്യാർഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ വേണം മരുന്ന് നൽകേണ്ടത്. 

യുഎസിൽ 1975 മുതൽ

ലോകമാകെ ആയുർദൈർഘ്യം വർധിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന 2022–ൽ പുറത്തുവിട്ട റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് നഴ്സിങ് കൗൺസിൽ കോഴ്സിനു രൂപം നൽകിയിരിക്കുന്നത്. ആയുർദൈർഘ്യം കൂടുമ്പോൾ വയോജനങ്ങളിലെ രോഗവും ആരോഗ്യപ്രശ്നങ്ങളും വർധിക്കും. ഈ വെല്ലുവിളി നേരിടാനുള്ള വിഭവശേഷി ഇല്ലെന്ന പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ ചുവടുവയ്പ്. 1975ൽ തന്നെ എൻപിജിഎൻ യുഎസിലുണ്ട്. ഓസ്ട്രേലിയ, ഇസ്രയേൽ, നോർവേ തുടങ്ങിയ രാജ്യങ്ങളും ഇതു നടപ്പാക്കിയതായി കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.

English Summary:

New Nursing Role in India: Prescribing Power for Geriatric Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com