മഹാരാഷ്ട്രയിൽ വിമതപ്പട; അനുനയ നീക്കം സജീവം
Mail This Article
മുംബൈ ∙ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കും ഇന്ത്യാസഖ്യത്തിനും വിമതഭീഷണി. 288 സീറ്റുകളുള്ള സംസ്ഥാനത്ത് ഇരുമുന്നണികളിലുമായി 56 വിമതരാണുള്ളത്. ജയപരാജയം നിർണയിക്കാൻ ശേഷിയുള്ള അൻപതിലേറെ സ്വതന്ത്രരും കളത്തിലുണ്ട്. നവംബർ നാലാണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. വോട്ടെടുപ്പ് 20നും. ഇന്ത്യാസഖ്യത്തിൽ സൗഹൃദമത്സരം അനുവദിക്കില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങളുടെ സഖ്യത്തിൽ എല്ലാ പാർട്ടികൾക്കും ഏതാണ്ട് തുല്യപരിഗണന ലഭിച്ചപ്പോൾ എൻഡിഎയിൽ ഭൂരിഭാഗം സീറ്റുകളും ബിജെപി പിടിച്ചെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 4.5 ലക്ഷം വോട്ടിനു ജയിച്ച ഗോപാൽ ഷെട്ടി ബിജെപി വിമതരിൽ പ്രധാനിയാണ്. അജിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രി ഛഗൻ ഭുജ്ബലിന്റെ അനന്തരവൻ സമീർ ഭുജ്ബലും വിമതനായി മൽസരിക്കുന്നു. അന്ധേരി വെസ്റ്റിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് േനതാവായ മലയാളി മൊഹ്സീൻ ഹൈദറും വിമതനായി പത്രിക നൽകിയിട്ടുണ്ട്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും പട്ടികയിലുണ്ട്. എന്നാൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു ഒഴിവാക്കപ്പെട്ടു.
എൻഡിഎക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തിലേറെ റാലികളിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് ബിജെപിയുടെ താരപ്രചാരകരിലെ പ്രമുഖർ.
2 മിനിറ്റ് വൈകി; പത്രിക സ്വീകരിച്ചില്ല
മുംബൈ ∙ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയിൽ (വിബിഎ) ചേർന്ന മുൻമന്ത്രി അനീസ് അഹമ്മദിന് 2 മിനിറ്റ് വ്യത്യാസത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസരം നഷ്ടമായി. നാഗ്പുർ സെൻട്രലിൽ മത്സരിക്കാനുള്ള പത്രികയുമായി അദ്ദേഹം എത്തുമ്പോഴേക്കും സമയപരിധി അവസാനിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതുകൊണ്ടാണ് കൃത്യസമയത്ത് എത്താൻ സാധിക്കാതിരുന്നതെന്ന് അദ്ദേഹം വാദിച്ചെങ്കിലും പത്രിക സമർപ്പിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.