സർദാർ പട്ടേലിന് 149–ാം ജന്മവാർഷികം; പട്ടേൽ പാരമ്പര്യത്തിൽ രാഷ്ട്രീയ യുദ്ധം
Mail This Article
ന്യൂഡൽഹി ∙ വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളുമായി പല തട്ടിൽനിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയെന്ന ഒറ്റ വികാരത്തിലേക്കു കോർത്തെടുത്ത സർദാർ വല്ലഭ്ഭായ് പട്ടേലിന് ഇന്നു 149–ാം ജന്മദിനം. 150–ാം ജന്മവാർഷികത്തിലേക്കു കടക്കുന്നതിനാൽ 2 വർഷത്തെ വിപുലമായ പരിപാടികൾക്കാണു കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്.
പട്ടേൽ അനുസ്മരണത്തിനായി സർക്കാർ പ്രഖ്യാപിച്ച ഏകതാദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഏറ്റെടുത്ത് ബിജെപി ആഘോഷമാക്കുമ്പോൾ, അതിനു പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങളാണു കോൺഗ്രസ് ഉന്നയിക്കുന്നത്. ജീവിതകാലം മുഴുവൻ കോൺഗ്രസുകാരനായിരുന്ന പട്ടേലിന്റെ ജന്മദിനം ബിജെപി ആഘോഷിക്കുന്നതിലെ വൈരുധ്യം കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജവാഹർലാൽ നെഹ്റുവിന്റെ കീർത്തി ഉറപ്പിക്കാൻ വിസ്മരിച്ചുകളഞ്ഞ ചരിത്രമാണ് പട്ടേലിന്റേതെന്ന് ബിജെപി മറുപടി നൽകുന്നു.
ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലിന്റെ ശ്രമകരമായ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്നത്തെ ഇന്ത്യയെന്നും അവർ വാദിക്കുന്നു. പട്ടേൽ സ്ഥാപിച്ച ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നു കോൺഗ്രസ് തിരിച്ചടിക്കുന്നു. ഉരുക്കുവനിതയായി അറിയപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം കൂടി ചേർന്നുവരുന്നതിനാൽ കോൺഗ്രസിനെ സംബന്ധിച്ച് ഒക്ടോബർ 31ന് പ്രാധാന്യം ഏറെയാണ്. ഉരുക്കുമനുഷ്യനെന്നു വിളിക്കപ്പെട്ട പട്ടേലിന്റെ ജന്മദിനാഘോഷത്തിനു പ്രാമുഖ്യം നൽകുക വഴി ഇന്ദിരയ്ക്കു ലഭിക്കുന്ന പ്രാധാന്യം ഒഴിവാക്കാമെന്ന കണക്കുകൂട്ടൽ കൂടി ബിജെപിക്കുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതിന്റെ ഭാഗമായാണു മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ പട്ടേൽ ജയന്തി ഏകതാദിനമായി പ്രഖ്യാപിച്ചത്. സർക്കാർ ഓഫിസുകളിലും കലാലയങ്ങളിലും ഐക്യപ്രതിജ്‌ഞ, കൂട്ടയോട്ടം എന്നിവയും അനുബന്ധമാക്കി. ഒപ്പം, ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വം അനുസ്‌മരിക്കുന്ന ഔദ്യോഗിക പരിപാടികൾ കഴിഞ്ഞ കുറച്ചായി സർക്കാർ അവഗണിക്കുന്നുമുണ്ട്. സമൂഹമാധ്യമ അക്കൗണ്ടിൽ അനുസ്മരണ പോസ്റ്റിൽ ഒതുക്കുന്നതാണു പ്രധാനമന്ത്രിയുടെ പതിവ്. പട്ടേലിന്റെ സംഭാവനകൾ വിസ്മരിക്കാനും ഭാരതരത്ന നിഷേധിക്കാനും ശ്രമങ്ങൾ നടന്നെന്നു കഴിഞ്ഞദിവസവും അമിത് ഷാ ആരോപണം ഉന്നയിച്ചു.
284 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മോദി
ഏക്താനഗർ (ഗുജറാത്ത്) ∙ നർമദാ ജില്ലയിലെ ഏക്താ നഗറിലുള്ള സർദാർ പട്ടേൽ ഐക്യപ്രതിമ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 284 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. ആശുപത്രി, സ്മാർട് ബസ് സ്റ്റോപ്പുകൾ, സൗരോർജ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനവും നിർവഹിച്ചു. 22 കോടി രൂപ ചെലവിട്ടാണ് ആശുപത്രി നിർമിച്ചത്. 23.26 കോടിയാണ് സൗരോർജപദ്ധതിയുടെ ചെലവ്. 75 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിന് മോദി ശിലയിട്ടു.