നേട്ടമാകുമെന്ന് ഇന്ത്യൻ പ്രതീക്ഷ; പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ ഗുണകരമാകും
Mail This Article
ന്യൂഡൽഹി ∙ വീണ്ടും യുഎസ് പ്രസിഡന്റ് ആയാൽ ഇന്ത്യയുമായുള്ള ബന്ധം അടുത്ത തലത്തിലേക്കു കൊണ്ടുപോകുമെന്നാണു ഡോണൾഡ് ട്രംപ് 2 വർഷം മുൻപു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുലർത്തുന്ന അടുപ്പവും ഇന്ത്യ ബന്ധത്തിനു കരുത്താണ്. ഇറക്കുമതി തീരുവ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ നിലകൊള്ളുമ്പോഴും ട്രംപിന്റെ വരവ് പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനു നേട്ടമായി മാറുമെന്നാണു വിലയിരുത്തൽ. അതേസമയം, വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രംപിന്റെ നയങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
‘അമേരിക്ക ഫസ്റ്റ്’ എന്ന നിലപാടു ശക്തമായി ഉയർത്തുന്ന ട്രംപിന്റെ കുടിയേറ്റ നയങ്ങൾ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ വീസ വ്യവസ്ഥകളിൽ കടുത്ത മാനദണ്ഡങ്ങൾ കൊണ്ടുവന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാകും ഏറ്റവുമധികം ബാധിക്കുക.
ചില അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നുവെന്ന ആക്ഷേപം ട്രംപ് പല തവണ ഉയർത്തിയിട്ടുണ്ട്. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്കടക്കം ഇന്ത്യ ഉയർന്ന തീരുവ ഏർപ്പെടുത്തുന്നുവെന്ന പേരിൽ, 2019 ൽ പ്രസിഡന്റായിരിക്കെ ഇന്ത്യയെ ‘ചുങ്ക രാജാവ്’ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. വ്യാപാരരംഗത്ത് യുഎസ് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പരിഗണന (ജിഎസ്പി) എടുത്തുകളയുകയും ചെയ്തു.
പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളെക്കാൾ പെട്രോളിയം ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നതാകും ട്രംപിന്റെ ഭരണകാലയളവെന്നാണു വിലയിരുത്തൽ. യുഎസിലെ ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉൽപാദനം വർധിക്കാൻ ട്രംപിന്റെ വരവ് കാരണമാകുമെന്നും ഇത് ആഗോളതലത്തിൽ ഇന്ധനവില കുറയാൻ കാരണമാകുമെന്നും ഇതെല്ലാം ഇന്ത്യയിലെ ഊർജ മേഖലയ്ക്കു നേട്ടമായി മാറുമെന്നും കരുതുന്നു.
അഭിനന്ദിച്ച് മോദി
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സഹകരണം പുതുക്കാൻ ഉറ്റുനോക്കുന്നതായി അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ട്രംപിനൊപ്പമുള്ള വിവിധ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.