മണിപ്പുർ: ബന്ദികളിൽ 3 പേരുടെ മൃതദേഹം കണ്ടെത്തിയതായി സൂചന
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ തട്ടിക്കൊണ്ടുപോയ മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരിൽ ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതായി വിവരം. ജിരി പുഴയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി അസമിലെ സിൽച്ചറിൽ എത്തിച്ചു. തട്ടിക്കൊണ്ടുപോയവരിൽപ്പെട്ടവരാണ് ഇവരെന്നു സൂചനയെങ്കിലും ഔദ്യോഗിക സഥിരികീരണമില്ല.
ഇതിനിടെ, തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാൽ താഴ്വരയിൽ ആയിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു. ജിരിബാമിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 മാർ ഗോത്രവിഭാഗക്കാർക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതെ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ജിരിബാമിൽ എത്തിയിട്ടുണ്ട്. ഇതിനിടെ, തെഹ്നോപാലിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിരോധിത പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെടിയേറ്റ് അസം റൈഫിൾസ് ജവാന് പരുക്കേറ്റു.
ജിരിബാമിലെ അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. സിആർപിഎഫ് ക്യാംപിനു നേരെ നടന്ന ആക്രമണവും തുടർന്ന് 11 പേരുടെ മരണവും മാർ ഗോത്രവനിതയെ ചുട്ടുകൊന്ന സംഭവവും എൻഐഎ അന്വേഷിക്കും.
ജിരിബാമിൽ പൊലീസ് സ്റ്റേഷനും സിആർപിഎഫ് പോസ്റ്റും ആക്രമിച്ച കുക്കി-മാർ ഗോത്രത്തിലെ സായുധ സംഘങ്ങൾക്ക് തിരിച്ചടിയേറ്റത് ആക്രമണപദ്ധതി പാളിപ്പോയതിനാലാണെന്ന് സൂചന. സിആർപിഎഫ് പോസ്റ്റിനു സമീപത്തെ ബുള്ളറ്റ് പ്രൂഫ് മൾട്ടി പർപസ് വാഹനം ആക്രമണകാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സിആർപിഎഫ് പോസ്റ്റ് ആക്രമിച്ച സായുധഗ്രൂപ്പിന് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ നിന്നുള്ള തിരിച്ചടിയിൽ പിടിച്ചുനിൽക്കാനായില്ല. 11 പേരാണ് കൊല്ലപ്പെട്ടതെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും മരണം 10 ആണെന്ന് അധികൃതർ അറിയിച്ചു.