ADVERTISEMENT

ഝാൻസി (ഉത്തർപ്രദേശ്) ∙ കത്തിക്കരിഞ്ഞതു സ്വന്തം കുഞ്ഞാണോയെന്നു മുഖം നോക്കി തിരിച്ചറിയാനാകാതെ നിലവിളിക്കുന്ന ഒരച്ഛൻ. കണ്ണീരുവറ്റി തളർന്നിരിക്കുന്ന അമ്മമാർ. എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത ബന്ധുക്കൾ. തീപിടിത്തത്തിൽ 10 കുഞ്ഞുങ്ങൾ മരിച്ച ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജിലെങ്ങും കണ്ണീർക്കാഴ്ചകൾ.

വെള്ളിയാഴ്ച രാത്രി തീപിടിത്തമുണ്ടാകുമ്പോൾ കുഞ്ഞുങ്ങൾക്കുള്ള ഐസിയുവിനു മുന്നിൽ പാതിമയക്കത്തിലായിരുന്നു യാക്കൂബ് മൻസൂരി. ഞെട്ടിയുണർന്നു നോക്കുമ്പോൾ പുകയും ബഹളവും. ജനൽപാളി തകർത്ത് ഉള്ളിൽ കടന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ആരൊക്കെയോ വച്ചുനീട്ടിയ കുഞ്ഞുങ്ങളെ പുറത്തുനിന്നവർക്കു കൈമാറി. അക്കൂട്ടത്തിൽ തന്റെ 2 പെൺകുഞ്ഞുങ്ങളുമുണ്ടാകുമെന്നു പ്രതീക്ഷിച്ചു. വിധി മറ്റൊന്നായിരുന്നു.

മരിച്ചവരിൽ സ്വന്തം കുഞ്ഞുങ്ങൾ ഏതെന്നുപോലും അറിയാനാകാതെ നിലത്തിരുന്നു നിലവിളിച്ച യാക്കൂബിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും കരഞ്ഞു. കൈക്കേറ്റ പൊള്ളൽ വകവയ്ക്കാതെ കുൽദീപ് 3 കുഞ്ഞുങ്ങളെയാണു രക്ഷിച്ചത്. പക്ഷേ, 10 ദിവസം മാത്രമായ സ്വന്തം കുഞ്ഞിന് എന്തുപറ്റിയെന്ന ചോദ്യത്തിന് അധികൃതരിൽനിന്നു മറുപടിയില്ല. ആശുപത്രിക്കുപുറത്ത് കുൽദീപും ഭാര്യ സന്തോഷിയും ഉള്ളുനീറി കാത്തിരിക്കുന്നു.

‘‘ഏറെ കാത്തിരുന്ന് ഏഴാം മാസമുണ്ടായ കുഞ്ഞാണ്. ആർക്കും അവനെ രക്ഷിക്കാനായില്ല’’– കഴിഞ്ഞദിവസം പ്രസവിച്ച സജ്നയുടെ വിലാപം. തൊട്ടരികെ നിൽക്കുന്ന സോനുവിന്റെ 7 മാസം പ്രായമുള്ള ആൺകുഞ്ഞും മരിച്ചു. ‘‘ഒരുമാസമായി അവൻ ഐസിയുവിലായിരുന്നു. തീപിടിത്തമറിഞ്ഞ് ഓടിയെത്തിയെങ്കിലും അകത്തേക്കു കടത്തിവിട്ടില്ല. കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ’’– അവർ പറഞ്ഞു. ‘‘എല്ലാം വിറ്റുപെറുക്കിയും വായ്പയെടുത്തുമായിരുന്നു ചികിത്സ. എല്ലാ പ്രതീക്ഷയും ഒറ്റ രാത്രികൊണ്ട് അവസാനിച്ചു’’– സോനുവിന്റെ സഹോദരൻ പരശുറാം പറഞ്ഞു.

ത്രിതല അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി ∙ സംഭവത്തിൽ യുപി സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. 12 മണിക്കൂറിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഝാൻസി ഡിവിഷനൽ കമ്മിഷണർ, മേഖലാ ഡിഐജി എന്നിവരോടു നിർദേശിച്ചു. ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകും. മജിസ്ട്രേട്ട് തല അന്വേഷണവും പ്രഖ്യാപിച്ചു.

യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാത്രി 10.20നാണ് തീപിടിത്തമുണ്ടായത്. ഷോർട് സർക്കീറ്റ് സംഭവിച്ചതാണെന്നാണു പ്രാഥമിക വിലയിരുത്തലെന്നു കലക്ടർ അവിനാശ് കുമാർ പറഞ്ഞു. ഐസിയുവിൽ 49 നവജാത ശിശുക്കളാണുണ്ടായിരുന്നത്. 16 കുഞ്ഞുങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണ്. രക്ഷാപ്രവർത്തനത്തിനിടെ കാലിനു പൊള്ളലേറ്റ മേഘ്ന എന്ന നഴ്സും ചികിത്സയിലാണ്.

മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് യുപി സർക്കാർ 5 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം വീതവും അടിയന്തര സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം നൽകും.

English Summary:

Uttar Pradesh government forms high level committee to probe Jhansi medical college fire tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com