ADVERTISEMENT

കൊൽക്കത്ത ∙ ജിരിബാമിൽ കാണാതായ 6 മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയ വാർത്തയാണ് മണിപ്പുരിനെ വീണ്ടും പൊട്ടിത്തെറിയിലെത്തിച്ചത്. കുക്കി വിഭാഗക്കാർ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. 3 സ്ത്രീകളുടെയും 3 കുട്ടികളുടെയും അഴുകിയ മൃതദേഹങ്ങളാണ് ജിരി, ബരാക്ക് പുഴകൾ സംഗമിക്കുന്ന സ്ഥലത്തു കണ്ടെത്തിയത്.

കാണാതായവരാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരികീരണം ഇതുവരെ ഉണ്ടായിട്ടില്ല. ജിരിബാമിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരായിരുന്നു ഇവർ. ക്യാംപിലെ 2 മുതിർന്ന പൗരൻമാരുടെ മൃതദേഹം രണ്ടു നാൾ മുൻപ് കണ്ടെത്തിയിരുന്നു. ക്യാംപും പൊലീസ് സ്റ്റേഷനും സിആർപിഎഫ് പോസ്റ്റും ആക്രമിച്ച സായുധകുക്കി ഗ്രൂപ്പുകൾക്കെതിരെ സിആർപിഎഫ് നടത്തിയ തിരിച്ചടിയിൽ 10 കുക്കി-മാർ സായുധസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. 

മണിപ്പുർ കലാപത്തിന്റെ ആദ്യത്തെ ഏതാനും ദിവസങ്ങൾക്കു ശേഷം മെയ്തെയ്-കുക്കി അതിർത്തികളിൽ വെടിവയ്പും റോക്കറ്റ് ആക്രമണങ്ങളുമാണ് നടന്നിരുന്നത്. എന്നാൽ അതിർത്തി ലംഘിച്ച് സാധാരണക്കാരെ കൂട്ടക്കൊല നടത്തുന്ന രീതിയിലേക്ക് കലാപം മാറിയതോടെയാണ് സുരക്ഷാ സേനയ്ക്ക് കേന്ദ്രം കർശന നിർദേശം നൽകിയത്. കുക്കി വിഭാഗക്കാരോട് പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണം കേട്ടതോടെ അസം റൈഫിൾസിനെ പിൻവലിച്ച് പല മേഖലകളിലും സിആർപിഎഫിനെ നിയോഗിച്ചിരുന്നു. മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ജവാൻമാരാണ് ജിരിബാമിൽ കുക്കി സായുധസേനക്കു തിരിച്ചടി നൽകിയത്. 

കൊല്ലപ്പെട്ട 10 കുക്കി സായുധ സേനാംഗങ്ങളുടെ മൃതദേഹങ്ങൾ അസമിലെ സിൽച്ചറിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഹെലികോപ്റ്ററിൽ ചുരാചന്ദ്പുരിൽ എത്തിച്ചു. മിസോറം വഴി റോഡ് മാർഗം മൃതദേഹം എത്തിക്കണമെന്നായിരുന്നു കുക്കി സംഘടനകളുടെ ആവശ്യം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സിൽച്ചറിൽ സംഘർഷം സൃഷ്ടിച്ചതിനെത്തുടർന്ന് അസം പൊലീസിലെ ഉദ്യോഗസ്ഥർക്കും 4 മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. 

കുക്കി-മെയ്തെയ് അതിർത്തികളിൽ ഇന്നലെ വ്യാപക വെടിവയ്പ് നടന്നു. ഇംഫാൽ താഴ്‌വരയും ജിരിബാമും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക സൈനികാധികാര നിയമം നടപ്പിലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്രം ഉത്തരവിട്ടിരുന്നു. അതേസമയം, സംസ്ഥാനത്ത് അഭയം തേടിയവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മിസോറം സർക്കാർ അറിയിച്ചു. കുക്കി വിഭാഗക്കാരാണു കലാപത്തെത്തുടർന്നു മിസോറമിലേക്കു പലായനം ചെയ്തത്.

English Summary:

Manipur relapsed into chaos after dead bodies of six missing persons recovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com