അന്നു സംസ്ഥാനങ്ങൾ ഭരിച്ചത് പ്രതിപക്ഷപാർട്ടികൾ: ബിജെപി
Mail This Article
ന്യൂഡൽഹി ∙ ഗൗതം അദാനിക്കെതിരെയുള്ള കേസ് രാഷ്ട്രീയവത്കരിക്കാനാണു കോൺഗ്രസിന്റെ ശ്രമമെന്നു ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യ ആരോപിച്ചു. ‘രാഹുൽ ഗാന്ധിയും അമേരിക്കൻ വ്യവസായി ജോർജ് സോറോസും ഒരേപോലെ സംസാരിക്കുന്നത് ആകസ്മികമാണോ? 20,000 കോടി രൂപ സമാഹരിക്കാൻ അദാനി ശ്രമിക്കുന്നതിനിടെയാണു ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നത്’– അമിത് മാളവ്യ പറഞ്ഞു.
‘ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു തൊട്ടു മുൻപാണു കുറ്റം ചുമത്തിയത്. നിലവിലുള്ള യുഎസ് ഭരണനേതൃത്വം നീതിന്യായ വകുപ്പിനെ ദുരുപയോഗിച്ചതായി ട്രംപ് ആരോപിച്ചതുമായി ഇതിനെ കൂട്ടിവായിക്കണം. ഇന്ത്യയിലെ പ്രധാന നിക്ഷേപകരിലൊളായ ഗൗതം അദാനിക്കെതിരെ ആരോപണവുമായി, എന്തിനാണു സോറോസിന്റെ ആളായി രാഹുൽ രംഗത്തു വരുന്നത്?
കുറ്റപത്രത്തിൽ പറഞ്ഞ സംഭവങ്ങൾ നടന്ന സമയത്ത്, ആ സംസ്ഥാനങ്ങൾ ഭരിച്ചതു പ്രതിപക്ഷ പാർട്ടികളാണ്. നിയമം അതിന്റെ വഴിക്കു പോകട്ടെ. അതിൽ ഇടപെടാതിരിക്കുന്നതാണു നല്ലത്’– മാളവ്യ പറഞ്ഞു.