1,750 കോടി ആന്ധ്രയിലെ ഉന്നതന്; കൈക്കൂലിക്ക് ‘പവർപോയിന്റ്’: അഴിമതിയുടെ ‘ദ് ബിഗ് മാൻ’ അദാനി സ്റ്റൈൽ
Mail This Article
ന്യൂഡൽഹി ∙ ഒരു മെഗാവാട്ട് വൈദ്യുതി വിൽപനയ്ക്ക് എത്ര രൂപ കൈക്കൂലി നൽകണമെന്നതു വരെയുള്ള കണക്ക് ഗൗതം അദാനിയുടെ സഹോദരപുത്രനും അദാനി ഗ്രീൻ എനർജി കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാഗർ അദാനിയുടെ ഫോണിലുണ്ടായിരുന്നു! യുഎസ് കോടതിയിലെ കുറ്റപത്രത്തിലാണ് ഇതടക്കമുള്ള വിവരണങ്ങൾ. ഓരോ സംസ്ഥാന സർക്കാരിലും ഉന്നതർക്കു കൊടുത്ത കൈക്കൂലിയുടെ വിവരങ്ങൾ, കൈക്കൂലി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ ചുരുക്കെഴുത്തുകൾ, കൈക്കൂലിക്ക് പകരമായി അവർ വാങ്ങുന്ന വൈദ്യുതിയുടെ കണക്ക് എന്നിവയും ഫോണിൽനിന്ന് കണ്ടെടുത്തിരുന്നു.
ഒരു ഘട്ടത്തിൽ ‘കൈക്കൂലി കൈമാറ്റവുമായി’ ബന്ധപ്പെട്ട് പവർപോയിന്റ് പ്രസന്റേഷനുമുണ്ടായിരുന്നു. ‘ഡവലപ്മെന്റ് ഫീ’ എന്നാണ് ഈ തുകയെ വിശേഷിപ്പിച്ചത്. ‘കൈക്കൂലി പദ്ധതി’ സംബന്ധിച്ച സംഭാഷണങ്ങളിൽ മറ്റുള്ളവർ ഗൗതം അദാനിയെ വിശേഷിപ്പിച്ചത് ‘ദ് ബിഗ് മാൻ’, ന്യൂമറോ ഉനോ (നമ്പർ 1), മിസ്റ്റർ എ, സാഗ് എന്നീ രഹസ്യ പേരുകളിലായിരുന്നു. അദാനി ഗ്രീൻ സിഇഒ വിനീത് ജയിനിനെ വിശേഷിപ്പിച്ചതാകട്ടെ ‘വി’, ‘സ്നേക്ക്’ (പാമ്പ്), ന്യൂമറോ ഉനോ മൈനസ് വൺ എന്നീ പേരുകളിലും. യുഎസ് കോടതിയിലെ കുറ്റപത്രത്തിലേക്കു നയിച്ച സംഭവങ്ങൾ ഇങ്ങനെ.
ഗൂഢാലോചനയുടെ തുടക്കം
2019 ഡിസംബർ– 2020 ജൂലൈ: കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ). ഈ കമ്പനിയുടെ 12 ഗിഗാവാട്ട് സൗരോർജ ഉൽപാദന കരാർ അദാനി ഗ്രീൻ (8 ഗിഗാവാട്ട്), ഡൽഹി ആസ്ഥാനമായ ആഷർ പവർ (4 ഗിഗാവാട്ട്) എന്നീ കമ്പനികൾക്കു ലഭിക്കുന്നു. നിശ്ചിത ശേഷിയുള്ള സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്ന കമ്പനികളിൽനിന്ന് എസ്ഇസിഐ വൈദ്യുതി ഉറപ്പായും വാങ്ങുമെന്നതാണ് ഈ ‘ഉൽപാദന ബന്ധിത’ കരാറിലെ വ്യവസ്ഥ. വാങ്ങുന്ന വൈദ്യുതി സംസ്ഥാനങ്ങൾക്ക് എസ്ഇസിഐ വിൽക്കും. എന്നാൽ, ഈ ഉറപ്പ് എസ്ഇസിഐയ്ക്കു പാലിക്കാനായില്ല.
ഉയർന്ന വില മൂലം സംസ്ഥാനങ്ങൾ വൈദ്യുതി വാങ്ങാൻ തയാറാകാതെ വന്നതോടെ പദ്ധതി മുടങ്ങുമെന്നായി. അദാനിക്കും ആഷർ പവറിനും നഷ്ടം വരുമെന്നായതോടെ ഗൗതം അദാനി, വിനീത് ജെയിൻ, ആഷർ പവർ സിഇഒ രഞ്ജിത് ഗുപ്ത എന്നിവർ കൂടിയാലോചന തുടങ്ങി. സംസ്ഥാന സർക്കാരുകളിലെ ഉന്നതരെ കൈക്കൂലി നൽകി സ്വാധീനിച്ചു വൈദ്യുതി വാങ്ങിപ്പിക്കാൻ പദ്ധതിയൊരുക്കി. കൈക്കൂലിക്കുള്ള പണം ഇരുകമ്പനികളും പങ്കിടുമെന്നായിരുന്നു ധാരണ.
86% പണം ആന്ധ്രയിലെ ഉന്നതന്
2,029 കോടി രൂപയാണു വിവിധ സർക്കാരുകളിലെ ഉന്നതർക്കു നൽകാമെന്നു വാഗ്ദാനം ചെയ്തത്. കൈക്കൂലി പദ്ധതിയുടെ ഭാഗമായി ആന്ധ്ര സർക്കാരിലെ ഒരു ഉന്നതനെ (വൈഎസ്ആർസിപി സർക്കാരാണ് അന്നു ഭരണത്തിൽ) ഗൗതം അദാനി നേരിട്ടു സന്ദർശിച്ചു. മൊത്തം തുകയിൽ 1,750 കോടി രൂപ (ഏകദേശം 86%) ഈ വ്യക്തിക്കു നൽകാൻ ധാരണയായി. പകരം എസ്ഇസിഐയുടെ 12 ഗിഗാവാട്ട് വൈദ്യുതിയിൽ 7 ഗിഗാവാട്ടും ആന്ധ്ര വാങ്ങും. ‘കൈക്കൂലി പദ്ധതി’ വിജയമായതോടെ 2021 ജൂലൈയ്ക്കും 2022 ഫെബ്രുവരിക്കും ഇടയിൽ ആന്ധ്രയ്ക്കു പുറമേ ഒഡീഷ, ജമ്മു കശ്മീർ, തമിഴ്നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പിട്ടു.
ആന്ധ്ര കരാർ പൂർണമായി അദാനിക്ക്
2 കമ്പനികൾക്കും വേണ്ടി അദാനിയാണ് കൈക്കൂലിക്കാര്യം ഡീൽ ചെയ്തത്. ആഷർ പവർ അവരുടെ ‘വിഹിതം’ അദാനിക്കു നൽകുമെന്നതായിരുന്നു വ്യവസ്ഥ. ആന്ധ്രയിലെ 7 ഗിഗാവാട്ടിൽ 2.3 ഗിഗാവാട്ട് ആഷറിന്റേതായിരുന്നു. ഇതിനായി ആഷർ കൈക്കൂലി ഇനത്തിൽ അദാനിക്കു കൈമാറേണ്ടിയിരുന്നത് 583 കോടി രൂപയാണ്. മറ്റു സംസ്ഥാനങ്ങളിലെ 650 മെഗാവാട്ടിന് ആഷർ നൽകേണ്ടിയിരുന്നത് 55 കോടി രൂപയും. ഇതിൽ 583 കോടി രൂപ നൽകാൻ കഴിയാത്തതുകൊണ്ട് ഒടുവിൽ 2.3 ഗിഗാവാട്ട് കരാർ ആഷർ അദാനിക്ക് കൈമാറി. എസ്ഇസിഐയിലെ അദാനി ഗ്രൂപ്പിന്റെ സ്വാധീനം വഴിയാണ് ഈ കൈമാറ്റം സാധ്യമായത്. ചുരുക്കത്തിൽ ആന്ധ്രയിലെ 7 ഗിഗാവാട്ട് കരാർ പൂർണമായും അദാനിക്ക് സ്വന്തമായി. അദാനി കമ്പനികളിൽ നിക്ഷേപകരായ കനേഡിയൻ പെൻഷൻ ഫണ്ടിലെ 3 പ്രധാനികളും ഈ ഡീലിന്റെ ഭാഗമായിരുന്നു. ഇവരെ പിന്നീട് കമ്പനി പുറത്താക്കി.
മറച്ചുവച്ച് നിക്ഷേപ സമാഹരണം
കൈക്കൂലി പദ്ധതിയിൽ വ്യാപൃതരായിക്കുമ്പോൾ തന്നെയാണ് അദാനി യുഎസിൽനിന്നു നിക്ഷേപം സ്വീകരിച്ചത്. ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയടക്കം ഇതിൽ ഉൾപ്പെടും. യുഎസ് അഴിമതി വിരുദ്ധ നിയമം പ്രകാരം യുഎസിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ബിസിനസ് നേട്ടങ്ങൾക്കായി വിദേശ സർക്കാർ പ്രതിനിധികൾക്കു കൈക്കൂലി നൽകുന്നത് നിയമവിരുദ്ധമാണ്. അഴിമതി വിരുദ്ധ നടപടികൾ കമ്പനികൾ വെളിപ്പെടുത്തുകയും വേണം. ഇതെല്ലാം മറച്ചുവച്ചാണ് ബോണ്ട് ആയും വായ്പയായും നിക്ഷേപം സ്വീകരിച്ചത്. അദാനി ഗ്രീനിന്റെ വാർഷിക റിപ്പോർട്ടുകളിൽ പോലും അഴിമതിയോട് അസഹിഷ്ണുതയില്ലാത്ത നിലപാടെന്നാണ് കമ്പനി അവകാശപ്പെട്ടത്.
അദാനിക്കൊപ്പം കൈക്കൂലി പദ്ധതിയിലുണ്ടായിരുന്ന ആഷർ പവർ ആ സമയത്ത് ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന കമ്പനിയാണ്. 2022 മാർച്ചിലാണ് യുഎസിലെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) ആഷർ പവറിന് 2018 മുതൽ ഏർപ്പെട്ട കരാറുകളുടെ വിവരം ചോദിച്ചു നോട്ടിസ് നൽകുന്നത്. ഈ നോട്ടിസ് ലഭിച്ചതോടെയാണ് കൈക്കൂലി പദ്ധതി സംബന്ധിച്ച ഡിജിറ്റൽ രേഖകൾ പലതും നശിപ്പിച്ചതും തെറ്റായ വിവരങ്ങൾ യുഎസ് അന്വേഷണ ഏജൻസികൾക്കു നൽകിയതും.
2023 മാർച്ച് 17ന് യുഎസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ നടത്തിയ പരിശോധനയിൽ സാഗർ അദാനിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തിരുന്നു. അന്വേഷണത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നിട്ടും യുഎസിലെയോ ഇന്ത്യയിലെയോ സ്റ്റോക്ക് എക്സ്ചേഞ്ചുകളടക്കം ഒരു ധനകാര്യ സ്ഥാപനങ്ങളെയും ഇക്കാര്യം അറിയിച്ചില്ല.
വാണിജ്യ ബന്ധങ്ങളില്ല: തമിഴ്നാട്
ചെന്നൈ ∙ തമിഴ്നാട് സർക്കാരിനു കീഴിലുള്ള വൈദ്യുത ഉൽപാദന, വിതരണ കോർപറേഷനായ ടാൻജെഡ്കോയ്ക്ക് (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ) ഗൗതം അദാനിയുടെ കമ്പനിയുമായി വാണിജ്യ ബന്ധങ്ങളില്ലെന്നും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽനിന്നു വൈദ്യുതി വാങ്ങുന്നതിനു മാത്രമാണു ധാരണയുള്ളതെന്നും വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജി പറഞ്ഞു. 1,500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനു കേന്ദ്ര സർക്കാരിന്റെ സോളർ എനർജി കോർപറേഷനുമായാണു കരാർ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.