സൈക്കിളിലും റിക്ഷയിലും നിറഞ്ഞ് കേജ്‌രിവാൾ; എഎപി പ്രചാരണത്തിന് സൈക്കിൾയജ്ഞം മുതൽ എഐ വിഡിയോ വരെ
![Arvind-Kejriwal-main അരവിന്ദ് കേജ്‌രിവാൾ. ചിത്രം: രാഹുൽ ആർ.പട്ടം∙മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2024/4/4/Arvind-Kejriwal-main.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ കൊടും തണുപ്പിൽ ആറുമണിക്കു മുൻപേ രാത്രിയാകുന്ന ഡൽഹിയിലെ അശോക റോഡിൽ ട്രാഫിക് സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ സൈക്കിൾ ചവിട്ടി നീങ്ങുന്നയാളുടെ പിന്നിലെ കാരിയറിൽ നിവർന്നു നിൽക്കുന്നത് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ ഒരാൾ പൊക്കമുള്ള കട്ടൗട്ട്. ഇതേ രൂപത്തിൽ കേജ്‌രിവാളിനെയും പിന്നിൽ നിർത്തി ന്യൂഡൽഹി മണ്ഡലത്തിലെ മുക്കിലും മൂലയിലും സൈക്കിൾ സഞ്ചാരികൾ ഒറ്റയ്ക്കും കൂട്ടമായും ഇറങ്ങിയിട്ടുണ്ട്.
ഡൽഹിയിൽ അധികാരത്തിൽ തുടരാൻ സകല തന്ത്രങ്ങളും പയറ്റുകയാണ് ആം ആദ്മി പാർട്ടി (എഎപി). എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന ദൃശ്യങ്ങൾ പ്രചാരണം കൊഴുപ്പിക്കുന്നു. ബിജെപിയുടെ അവകാശവാദങ്ങളെ പൊളിച്ചടുക്കാൻ ഷോലെ സിനിമയിലെ ‘ഗബ്ബർ സിങ്’ എന്ന കഥാപാത്രത്തെയാണ് എഎപി രംഗത്തിറക്കിയിരിക്കുന്നത്.
പ്രചാരണ ദൃശ്യങ്ങളിൽ എഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അക്കാര്യം ദൃശ്യങ്ങളിൽ തന്നെ വ്യക്തമാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്കു നിർദേശം നൽകിയിരുന്നു. വ്യാജ വിവരങ്ങളും കൃത്രിമ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതു തടയാൻ ഡൽഹി പൊലീസ് നോഡൽ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
നഗരത്തിന്റെ മുക്കിലും മൂലയിലും കേജ്‌രിവാളിന്റെ ചിത്രവും എൽഇഡി സ്ക്രീനുകളും പതിപ്പിച്ച ഇ–റിക്ഷകൾ പ്രചാരണ ഗാനവുമായി സഞ്ചരിക്കുന്നുണ്ട്. ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസും പെൺമക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ ധനസഹായവുമാണു പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അരവിന്ദ് കേജ്‌രിവാളും ഭാര്യ സുനിതയും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറുടെ കുടുംബത്തിൽ ഭക്ഷണം കഴിക്കാനെത്തി. ശുചീകരണത്തൊഴിലാളികളെ കേജ്‌രിവാൾ വീട്ടിലേക്കു വിരുന്നിനു ക്ഷണിക്കുകയും ചെയ്തിരുന്നു.