ADVERTISEMENT

കസാൻ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകൾ കൃത്യമായി കൈകാര്യം ചെയ്യണമെന്നും മോദിയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഷ‌ി പറഞ്ഞു. അതിർത്തിയിൽ കഴിഞ്ഞ 4 വർഷമായി ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ ഉണ്ടായ സമവായത്തെ സ്വാഗതം ചെയ്യുന്നുവെന്നും ‌അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്.

കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതിനു പിന്നാലെയാണ് മോദി–ഷി കൂടിക്കാഴ്ച. 2020ലെ ഗൽവാൻ സംഘർഷത്തിനെത്തുടർന്ന് ഉടലെടുത്ത തർക്കത്തിനാണ് ശമനമായത്. റഷ്യയുടെ സമ്മർദത്തിലാണ് ചൈനയുമായി സമവായത്തിന് ഇന്ത്യ തയ്യാറായതെന്നാണ് വിലയിരുത്തൽ.

കൂടിക്കാഴ്ചയിൽ അതിർത്തിയിലെ പുതിയ നീക്കങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. അതിർത്തിയിലെ അഭിപ്രായ ഭിന്നതകൾ സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്നത് തടയേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യ–ചൈന വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി പ്രത്യേക പ്രതിനിധികളായ അജിത് ഡോവലും വാങ് യിയും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ വിദേശകാര്യ മന്ത്രിതല ചർച്ചകളും നടത്തും. അടുത്തവർഷം ചൈനയുടെ അധ്യക്ഷതയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനും ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. 

‘‘അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഞങ്ങൾ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളിലെ ആളുകളും രാജ്യാന്തര സമൂഹവും ഈ കൂടിക്കാഴ്ചയിൽ ശ്രദ്ധ ചെലുത്തുന്നു. ചൈനയും ഇന്ത്യയും പ്രധാന വികസ്വര രാജ്യങ്ങളാണ്. ആശയവിനിമയവും സഹകരണവും ഉണ്ടായിരിക്കേണ്ടത് ഇരുരാജ്യങ്ങൾക്കും പ്രധാനമാണ്. അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും കൃത്യമായി കൈകാര്യം ചെയ്യണം’’– ഷി പറഞ്ഞു. 

‘നിങ്ങളെ കണ്ടതിൽ എനിക്കും സന്തോഷമുണ്ട്. നിങ്ങൾ സൂചിപ്പിച്ചതുപോലെ, അഞ്ച് വർഷത്തിനു ശേഷമുള്ള ഔപചാരിക കൂടിക്കാഴ്ചയാണിത്. ഇന്ത്യ-ചൈന ബന്ധത്തിന്റെ പ്രാധാന്യം നമ്മുടെ രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമല്ല, ലോകത്തിന്റെ ആകെ സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണ്. അതിർത്തിയിൽ കഴിഞ്ഞ 4 വർഷമായി ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ ഉണ്ടായ സമവായത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ‌

അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും ഉണ്ടെന്ന് ഉറപ്പാക്കുക എന്നതിനാണ് മുൻഗണന. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത എന്നിവയായിരിക്കണം നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം. ഈ വിഷയങ്ങളെക്കുറിച്ചെല്ലാം സംസാരിക്കാൻ ഇന്ന് അവസരം ലഭിച്ചു. ഈ ചർച്ചകൾ തുറന്ന മനസ്സോടെ നടത്തുമെന്നും വിശ്വസിക്കുന്നു’’– മോദി പറഞ്ഞു. 

English Summary:

Melting the Ice: Modi-Xi Meeting - Improved Communication Necessary for Both Countries, Says Xi; Doval-Wang Yi Meeting Soon, Announces Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com