മോദി സ്തുതി: തരൂരിനോട് കെപിസിസി വിശദീകരണം തേടി
Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച ശശി തരൂർ എംപിയോടു കെപിസിസി വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കാരണം എന്താണെന്നും അതു പാർട്ടി ഫോറത്തിൽ പറയുന്നതിനു പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്നു തരൂരിനു നൽകിയ നോട്ടിസിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മോദിയോടുള്ള കോൺഗ്രസ് നിലപാട് രാജീവ്ഗാന്ധിയുടെ 75-ാം ജന്മവാർഷികച്ചടങ്ങിൽ പാർട്ടി അധ്യക്ഷ വ്യക്തമാക്കിയതാണ്. എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാരാണു മോദിയുടേത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി രാജ്യം നേരിടുകയാണെന്നു നിതി ആയോഗ് വൈസ് ചെയർമാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ ഇന്ത്യയെ ഗ്രസിച്ചതായി ദേശീയ സാംപിൾ സർവേ ഓർഗനൈസേഷനും പറയുന്നു. രാജ്യം ഇത്രയും വലിയ തകർച്ച നേരിടുമ്പോൾ കാരണക്കാരനായ പ്രധാനമന്ത്രിയെ ന്യായീകരിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നു മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭയിൽ പ്രതിപക്ഷത്തിരുന്നു മോദിയെ അതിരൂക്ഷമായി വിമർശിച്ച ചരിത്രമാണു തരൂരിന്റേത്. അദ്ദേഹത്തോടൊപ്പം സഭയിലുണ്ടായിരുന്ന താൻ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ നിലപാടു മാറ്റത്തിൽ ലക്ഷക്കണക്കിനു കോൺഗ്രസ് പ്രവർത്തകർക്കു വേദനയും പ്രതിഷേധവുമുണ്ടെന്നും അതിനുളള കാരണം ബോധിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
വേണ്ടത് ക്രിയാത്മക വിമർശനമെന്ന് തരൂർ ; മുരളിക്കെതിരെ ഒളിയമ്പ്
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാണ് താനെന്നും തന്റെ രീതിയോടു യോജിപ്പില്ലെങ്കിൽപോലും അതിനെ ബഹുമാനിക്കാൻ പാർട്ടിക്കാരോട് അഭ്യർഥിക്കുകയാണെന്നും ശശി തരൂർ എംപി. മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നടക്കം അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് തരൂരിന്റെ മറുപടി. തന്റെ ട്വീറ്റിനെ മോദി സ്തുതിയായി വളച്ചൊടിച്ചതാണെന്നും ക്രിയാത്മക വിമർശനം വേണമെന്നതിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
തരൂരിനെതിരെ വിമർശനമുന്നയിച്ച കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവർക്കും തരൂർ മറുപടി നൽകി. എന്തോ വലിയ തെറ്റു ചെയ്തെന്ന മട്ടിൽ വഴിയേ പോയവരെല്ലാം പ്രതികരിച്ചു. രോഷാകുലനായൊരാൾ ഇടക്കാല പ്രസിഡന്റിനു കത്തയച്ചു. മറ്റൊരാൾ ബിജെപിയിലേക്കു ക്ഷണിച്ചു. കേവലം 8 വർഷം മുൻപു പാർട്ടിയിൽ തിരിച്ചെത്തുകയും അതുവരെ പാർട്ടിക്കെതിരെ നിരന്തരം ആക്രമണം നടത്തുകയും ചെയ്തയാളാണ് ഇതു പറഞ്ഞതെന്നതാണു കൗതുകമെന്നും മുരളിക്കെതിരെ മുനവച്ചു തരൂർ പ്രതികരിച്ചു.
മോദി സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളാണ് താൻ. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തേണ്ടതുണ്ട്. അതിന് ഇപ്പോഴത്തെ രീതി മതിയാവില്ല. വിശ്വാസം വീണ്ടെടുക്കണം. അടിസ്ഥാന പ്രവർത്തകരെ ആകർഷിക്കണം. – തരൂർ പറഞ്ഞു.