ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൊലപാതകക്കേസിൽ അറസ്റ്റിലായ എം.എസ്. മാത്യു കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധു. കൊല്ലപ്പെട്ട അന്നമ്മ തോമസിന്റെയും മഞ്ചാടിയിൽ എം.എം. മാത്യുവിന്റെയും സഹോദരന്റെ മകനാണ് ഇയാൾ. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയുടെ കൊലപാതകമാണു പരമ്പരയിൽ ആദ്യത്തേത്. അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് എന്നിവരുടെ മരണത്തിനു ശേഷമായിരുന്നു സഹോദരൻ മഞ്ചാടിയിൽ മാത്യുവിന്റെ മരണം.

നിത്യ സന്ദർശകൻ

ജോളിക്കു കൊലപാതകത്തിന് ആവശ്യമായ സയനൈഡ് എത്തിച്ചത് എം.എസ്.മാത്യുവാണ്. ജോളിയുടെ വീട്ടിൽ മാത്യുവിനു സർവസ്വാതന്ത്ര്യമായിരുന്നു. റോയിയുടെ മരണത്തിനു മുൻപും ശേഷവും ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്നു മാത്യു. ഇരുവരും തമ്മിൽ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതാണു സയനൈഡ് സംഘടിപ്പിച്ചു നൽകുന്നതിലേക്ക് എത്തിയത്. റോയിയുടെ മരണശേഷം 2017ൽ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിർത്തിരുന്നു.

6 തവണയും സയനൈഡ് എത്തിച്ചതു മാത്യുവാണെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് എത്തിച്ചതെന്നാണു മാത്യുവിന്റെ മൊഴി. ആ വർഷമാണു ജോളിയുടെ ഭർതൃപിതാവ് ടോം തോമസിന്റെ മരണം. മാത്യു ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങൾ നിർമിച്ചുനൽകുന്ന പ്രജികുമാറിൽനിന്ന് സയനൈഡ് വാങ്ങി ജോളിക്ക് എത്തിക്കുകയായിരുന്നു.

2002ൽ അന്നമ്മയുടെ മരണത്തിലും സയനൈഡ് നൽകിയതു മാത്യു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നൽകിയിട്ടുള്ളൂ എന്നാണു സ്വർണപ്പണിക്കാരനായ പ്രജികുമാറിന്റെ മൊഴി. എന്നാൽ ജോളിക്ക് 2 തവണ സയനൈഡ് നൽകിയിരുന്നുവെന്നു മാത്യു പറയുന്നു.

കൊലകളെപ്പറ്റി മാത്യുവിന് നേരത്തേ അറിവ്

നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യു പൊലീസിനോടു പറഞ്ഞത്. റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നതു മൂലമാണെന്ന് അറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നും മാത്യു പൊലീസിനോടു പറഞ്ഞു. ഇതിന്റെ പേരിൽ മാത്യുവും ജോളിയും തമ്മിൽ വഴക്കിട്ടിരുന്നു. എന്നാൽ, വീണ്ടും അടുത്ത ഇവർ ബന്ധം തുടർന്നു.

റോയിയുടെ മരണശേഷം മറ്റു 3 കൊലപാതകങ്ങൾ കൂടി ജോളി നടത്തി. എം. എസ്.മാത്യുവിന്റെ പിതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിന്റേതായിരുന്നു ഇക്കൂട്ടത്തിൽ ആദ്യത്തേത്. റോയിയുടെ മരണം താൻ ജോളിക്കു സംഘടിപ്പിച്ചു നൽകിയ സയനൈഡ് മൂലമാണെന്നു അറിഞ്ഞ സ്ഥിതിക്ക് ഈ മരണങ്ങളും കൊലപാതകങ്ങളാണെന്നു മാത്യുവിന് അറിയാമായിരുന്നെന്നു പൊലീസ് കരുതുന്നു.

English Summary: Koodathai serial murder accused jolly and mathew had strong bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com