മധുവിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഗവർണറുടെ ഓണക്കോടി
Mail This Article
പാലക്കാട് ∙ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്ക്കും സഹോദരി സരസുവിനും ഓണക്കോടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തിയ ഗവർണറെ നിറകണ്ണുകളോടെയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരങ്ങളായ സരസുവും ചന്ദ്രികയും സ്വീകരിച്ചത്. ഭയത്തോടെയാണ് വീട്ടിൽ താമസിക്കുന്നതെന്നു മല്ലി ഗവർണറോടു പറഞ്ഞു. പ്രതികളുടെ ഭീഷണിയുണ്ട്. ആരെങ്കിലും ഉപദ്രവിക്കാനെത്തിയാൽ ഫോൺ വിളിച്ചു പൊലീസിനെ അറിയിക്കാൻ പോലും മാർഗമില്ല. വീട്ടിലും പരിസരത്തും റേഞ്ച് ഇല്ലെന്നും കുടുംബാംഗങ്ങൾ ഗവർണറോട് പറഞ്ഞു.
പബ്ലിക് പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ലെന്നും പ്രതികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു. മധുവിന്റെ കുടുംബത്തിനു നീതി കിട്ടുമെന്നാണു പ്രതീക്ഷയെന്നും അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നതായും ഗവർണർ പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ രേഖാമൂലം നൽകാൻ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു. ഗവർണറുടെ സന്ദർശനം നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുന്നുവെന്നു സരസു പറഞ്ഞു.
English Summary: Arif Mohammad Khan visits Madhu's family