‘വിശ്രമമില്ലാത്ത സഖാവ്’, സമരഭരിതമായ ജീവിതം; നൂറാണ്ടിന്റെ ശൗര്യത്തിൽ വിഎസ്
![VS-Achuthanandan-1901 VS-Achuthanandan-1901](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/10/19/VS-Achuthanandan-1901.jpg?w=1120&h=583)
Mail This Article
വിഎസ് എന്നാൽ പലർക്കും ‘വിശ്രമമില്ലാത്ത സഖാവ്’ അച്യുതാനന്ദനാണ്. എന്നാൽ 2019 ഒക്ടോബർ 24 മുതൽ വിഎസ് പൂർണ വിശ്രമത്തിലായി. പക്ഷാഘാതത്തിന്റെ ചെറിയ പകർപ്പാണ് വിഎസിനെ അന്നു വീഴിച്ചത്. സിപിഎമ്മിലെ ഒരു പക്ഷം തന്നെ അന്നു മുതൽ അതിന്റെ ആഘാതത്തിലായി.
വിഎസ് പക്ഷം എന്ന് അതിനെ ചുരുക്കി കാണേണ്ടതില്ല. പകരം, ചോദ്യം ചെയ്യുന്നവരുടെ പക്ഷമായി വിശേഷിപ്പിക്കാം. പാർട്ടി നേതൃത്വം പിന്നീട് ചോദ്യം ചെയ്യപ്പെടാത്തവരായി. ഒന്നിനും ഒരു നിയന്ത്രണം ഇല്ലെന്ന വിമർശനം അടിക്കടി ശക്തമായി. അതോടെ പലരും മോഹിച്ചു: ‘ഇതിനോടൊക്കെ പ്രതികരിക്കാൻ സജീവമായി വിഎസ് ഉണ്ടായിരുന്നെങ്കിൽ’ !
![vs-achuthanandan-1 vs-achuthanandan-1](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/1/22/vs-achuthanandan-1.jpg)
എന്തു ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന തോന്നൽ രാഷ്ട്രീയത്തിൽ ജഡത്വം കൊണ്ടുവരും. ഒരു കാലത്തും സിപിഎം രാഷ്ട്രീയം ജഡാവസ്ഥയിലേക്കു പോകാൻ സമ്മതിക്കാത്ത നേതാവായിരുന്നു വിഎസ്. നിശ്ശബ്ദത കനത്താൽ ഒരു ഒറ്റവരി പ്രസ്താവനയിൽ വിഎസ് അതു ഭജ്ഞിച്ചിരിക്കും. മുന്നിൽ അനീതി നടക്കുന്നുവെന്ന് തോന്നിയാൽ ചോദ്യം ചെയ്തിരിക്കും. അഴിമതിക്ക് ആശീർവാദം നൽകുകയാണെന്നു ബോധ്യപ്പെട്ടാൽ ഉറ്റ സഖാവിനെതിരെയും പൊളിറ്റ് ബ്യൂറോയിലേക്ക് അദ്ദേഹത്തിന്റെ പരാതി കത്തുകൾ പ്രവഹിച്ചു കൊണ്ടിരിക്കും.
പോരാട്ടങ്ങളിലൂടെ നായകന്റെയും പ്രതിനായകന്റെയും വേഷം വിഎസ് മാറിമാറി അണിഞ്ഞു. ആ സമരഭരിതമായ ജീവിതമാണ് ഒരു നൂറ്റാണ്ടിലേക്കു ചുവടുവയ്ക്കുന്നത്. ആലപ്പുഴയിലെ തയ്യൽ തൊഴിലാളിയിൽനിന്ന് ഇന്ത്യയിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവായി ഉയർന്ന വിഎസിന്റെ ജീവിതം സമാനതകളില്ലാത്തതാണ്.
മകൻ വി.എ.അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിൽ, എല്ലാ പോരാട്ടങ്ങൾക്കും അവധി കൊടുത്ത് കണ്ണടച്ചിരിക്കുന്ന വേളകളിൽ എന്തെല്ലാം ഓർമകൾ ആ മനസ്സിൽ തിരതള്ളുന്നുണ്ടാകും. ചുറ്റും നടക്കുന്നത് അറിയുന്നുണ്ടോ വിഎസ്? അരുണിനോടു ചോദിച്ചു.‘‘അച്ഛൻ പത്രം വായിച്ചു കേൾക്കാറുണ്ട്. ടിവിയിൽ വാർത്തകൾ കാണാറുണ്ട്,’’ സ്വകാര്യമായെങ്കിലും പ്രതികരണം? ഇല്ലെന്നാണ് ആ സംഭാഷണത്തിൽനിന്ന് മനസ്സിലായത്.
ഉൾപാർട്ടി യുദ്ധ നായകൻ
പുറത്തും അകത്തും പ്രതികരണങ്ങളുടെ ആശാനായിരുന്ന വിഎസ് വല്ലപ്പോഴും ഇതുപോലെ മൗനിയും ആയിട്ടുണ്ട്. 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോരേണ്ടി വന്നതായിരുന്നു പാർട്ടി ജീവിതത്തിൽ വിഎസിന് ഏറ്റവും കനം അനുഭവപ്പെട്ട സന്ദർഭം. ആലപ്പുഴയിൽ വിഎസ് വാങ്ങിയ വേലിക്കകത്തു വീട്ടിലും പിന്നീട് തിരുവനന്തപുരത്തു കന്റോൺമെന്റ് ഹൗസിലും കാണാനെത്തിയവരുടെ മുന്നിൽ ഏറെ നേരം അദ്ദേഹം നിശ്ശബ്ദനായിരുന്നു. ദേഷ്യവും രോഷവും കൂടി എന്തെങ്കിലും പറഞ്ഞു പോകുമെന്ന് കരുതുന്ന നിമിഷം വിഎസ് ചെയ്യുന്ന ഒരു കാര്യമുണ്ട്: എഴുന്നേറ്റ് അകത്തേക്കു നടക്കും.
പലരും വിചാരിച്ചതോ പ്രവചിച്ചതോ പോലെ, പുറത്തേക്കല്ല വിഎസ് ഒരു കാലത്തും നടന്നത്. ലാവ്‌ലിൻ പോരാട്ടത്തിന്റെ മൂർധന്യത്തിലാണ് പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ കെ.കെ.രമയെ ആശ്വസിപ്പിക്കാനുള്ള യാത്രയിൽനിന്ന് അദ്ദേഹത്തെ തടയാൻ പാർട്ടിയുടെ ഒരു തിട്ടൂരത്തിനും കഴിഞ്ഞില്ല. ഈ കുറ്റപത്രങ്ങൾക്കെല്ലാം ഒടുവിലാണ് ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്ന് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അച്യുതാനന്ദന് ‘പാർട്ടി വിരുദ്ധ മാനസികാവസ്ഥ’ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തുറന്നടിച്ചത്.
തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ വിധിച്ച ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ അടക്കം ഈ അപമാനങ്ങളുടെ, ആക്ഷേപങ്ങളുടെ, അച്ചടക്ക നടപടികളുടെ ഭാരം പാർട്ടിക്ക് പുറത്തക്കു നടത്താൻ എന്നെങ്കിലും വിഎസിനെ പ്രേരിപ്പിച്ചോ? ഈ ‘നൂറ്റാണ്ടിന്റെ ചോദ്യം’ മറ്റൊന്നായിരിക്കില്ല. പക്ഷേ, സിപിഎമ്മിൽനിന്നു പുറത്തു പോകാൻ വിഎസ് ഒരു കാലത്തും സന്നദ്ധനായിരുന്നില്ല. കാരണം, ഇതു താനും കൂടി ഉണ്ടാക്കിയ പാർട്ടിയാണ് എന്ന് 1964 ലെ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ ഒരാളായ അച്യുതാനന്ദൻ വിചാരിച്ചിരുന്നു. രണ്ടാമത്, തന്നെ അങ്ങനെയൊന്നും തൊടാൻ പാർട്ടിക്കു കഴിയില്ലെന്ന ഉറച്ച വിശ്വാസവും വിഎസിന് ഉണ്ടായിരുന്നു.
2019 ൽ രോഗാവസ്ഥയിലേക്കു വീഴുന്നതിന് തൊട്ടു മുൻപത്തെ ഉപതിരഞ്ഞെടുപ്പുകളിൽ പോലും വിഎസ് എന്ന ‘ക്രൗഡ് പുളളറെ’ പാർട്ടിക്കു വേണമായിരുന്നല്ലോ. യുഡിഎഫിന്റെ കുത്തക മണ്ഡലമായ വട്ടിയൂർക്കാവ് എൽഡിഎഫ് പിടിച്ചെടുത്തതിനെക്കുറിച്ചു വിഎസ് പറഞ്ഞു: ‘ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുളള കെൽപില്ല എന്നു തന്നെയാണ്. ജനങ്ങളുടെ ഈ മനോഭാവമാണ് വാസ്തവത്തിൽ നവോത്ഥാനത്തിന്റെ സൂചന’. പുതു നവോത്ഥാന നായകരാകാൻ ശ്രമിക്കുന്നവർക്കുള്ള കുത്ത് കൂടി അതിൽ ഉണ്ടായിരുന്നു.
പിന്നീടങ്ങോട്ട് പക്ഷാഘാതവും കോവിഡും പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളും ആ പ്രതികരണ വാതിൽ അടച്ചു. പിബിക്ക് എഴുതിയ കത്ത് ഒരിക്കൽ അദ്ദേഹം പത്തു തവണ തിരുത്തിയിട്ടുണ്ട്. പ്രസ്താവനകൾ വായിച്ചു കേട്ട് തിരുത്തി, മിനുക്കി ഇറക്കുന്നതാണ് ശീലം. അങ്ങനെയുള്ള വിഎസ് അറിയാതെ അദ്ദേഹത്തിന്റെ പേരിൽ ഒന്നും വേണ്ടെന്നായി ഉറ്റവരുടെ തീരുമാനം.
ഭൂമിയുടെ പടയാളി
ഭൂമിയും പ്രകൃതിയും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവമാണ് വിഎസിനെ ഇന്നത്തെ വിഎസ് ആക്കിയതെന്ന് വിലയിരുത്താറുണ്ട്. ഭൂമി ക്രയവിക്രയത്തിനുള്ള ചരക്ക് അല്ലെന്നും ഉൽപാദനോപാധി ആണെന്നും അച്യുതാനന്ദൻ വിശ്വസിച്ചു. അതുകൊണ്ടാണ് ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്ന എം.എം.മണി ഒപ്പം കാറിൽ ഉണ്ടായിരുന്നിട്ടും എതിർപ്പ് പറഞ്ഞിട്ടും അനുജൻ ലംബോധരന്റെ മൂന്നാറിലെ വിവാദ ഭൂമിയിലേക്ക് കാർ വിടാൻ വിഎസ് പറഞ്ഞത്. കളമശേരിയിലെ എച്ച്എംടി ഭൂമി ഇടപാടിനോട് ഒരു അനുനയത്തിനും തയാറാകാഞ്ഞതും അതുകൊണ്ടു തന്നെയാണ്. മണിയുടെ ഇടുക്കിയും സ്വന്തം എറണാകുളവും അതോടെ കൈവിട്ടു പോകുമെന്ന മുന്നറിയിപ്പുകൾ വിഎസ് വകവച്ചില്ല. ഓരോ ജില്ലാ ഘടകത്തിന്റെയും പിന്തുണ ഉറപ്പിക്കാൻ വിഎസ്– പിണറായി പക്ഷങ്ങൾ ഏതറ്റം വരെയും പോകുമെന്ന പ്രതീതി ഉണ്ടായിരുന്നപ്പോൾ നിലപാടുകൾക്കു വലിയ വിലയാണ് വിഎസിന് കൊടുക്കേണ്ടിവന്നത്.
![VS Achuthanandan VS Achuthanandan](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/1/25/VS-Achuthanandan-1.jpg)
എറണാകുളം വളന്തക്കാട്ടെ വൻകിട പദ്ധതിയുടെ ഫയൽ മുഖ്യമന്ത്രി ആയിരുന്ന വിഎസ് പിടിച്ചു വച്ചതും ആ ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തായിരുന്നു. അന്നു പദ്ധതിക്ക് വേണ്ടത് 400 ഏക്കർ. വ്യവസായിയുടെ പക്കൽ ഉണ്ടായത് 320 ഏക്കർ. എകെജി സെന്ററിൽനിന്നുള്ള നിർദേശ പ്രകാരം സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങി. ഇത്തരം വ്യവസായങ്ങൾക്ക് 20% ഭൂമി കൂടി സർക്കാരിന് ഏറ്റെടുത്തു കൊടുക്കാം. അതായത് പദ്ധതിക്കു വേണ്ട കൃത്യം 80 ഏക്കർ കൂടി. പോയി പണി നോക്കാൻ പറഞ്ഞ വിഎസ് ആ ഫയൽ ഒപ്പിട്ടില്ല. വെട്ടിനിരത്തലിലൂടെ നെൽവയൽ സംരക്ഷണത്തിനു തുടക്കമിട്ട വിഎസ് പിന്നീട് നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന് നെൽപാടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി.
ടിപി വധം നൽകിയ വേദന
ടി.പി.ചന്ദ്രശേഖരൻ വധമായിരുന്നോ ഏറ്റവും വേദനിപ്പിച്ചത്? എസ്എഫ്ഐയിൽ ഉള്ള കാലം മുതൽ ടിപിയെ വിഎസിന് ഇഷ്ടമായിരുന്നു. പാർട്ടി വിടേണ്ടി വന്നതോടെ പ്രാദേശിക നേതൃത്വത്തിന് ടിപി നോട്ടപ്പുള്ളി ആയെന്ന് അറിയാവുന്ന മുഖ്യമന്ത്രി വിഎസിന് വിപൽ സൂചന അടങ്ങുന്ന ഇന്റലിജൻസ് റിപ്പോർട്ടും ലഭിച്ചു. ടിപിയെ വിളിച്ചു വരുത്തി തലസ്ഥാനത്തിന് പുറത്തു വച്ച് ഒരു മണിക്കൂറിലേറെ സംസാരിച്ചു. തനിച്ചുള്ള ബൈക്ക് യാത്ര ഒഴിവാക്കണമെന്ന് പറഞ്ഞപ്പോൾ ‘പാർട്ടി തീരുമാനം എടുത്താൽ ഞാൻ ഹെലികോപ്റ്ററിൽ പോയാലും കാര്യമുണ്ടോ’ എന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം. താമസിയാതെ ഞെട്ടിക്കുന്ന ആ വാർത്ത വിഎസ് അറിഞ്ഞു. അത്രയും ദുഃഖത്തോടെ വിഎസിനെ ഒരിക്കലും പ്രിയപ്പെട്ടവർ കണ്ടിട്ടില്ല.
![vs-achuthanandan-and-kk-rema vs-achuthanandan-and-kk-rema](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/10/18/vs-achuthanandan-and-kk-rema.jpg)
പക വീട്ടാനുള്ളതാണ്!
ഗുണങ്ങളുടെ വിളനിലം മാത്രമായിരുന്നില്ല വിഎസ്. ഏഷണി അദ്ദേഹത്തിന് പഥ്യമാണെന്നു കരുതുന്നവരുണ്ട്. ഒരാൾ ‘നല്ല സഖാവാണ്’ എന്നു പറഞ്ഞാൽ അത് ആ മനസ്സിൽ കയറണമെന്നില്ല. ‘അയാൾ ഒരു പീഡകനാണ്’ എന്നു കേട്ടാൽ കത്തും, ആ പേര് കരുതിവയ്ക്കും. ഇഷ്ടമുള്ളവരെ കാണുമ്പോൾ വിടർന്നു ചിരിക്കുന്ന വിഎസ് അല്ലാത്തവരെ കണ്ടാൽ മുന്നിലെ പത്രത്തിൽ നോക്കി ഇരിക്കും. പണി തന്നിട്ടുളളവർക്ക് അതേ നാണയത്തിൽ തിരിച്ചു കൊടുക്കും. പക വീട്ടാനുള്ളതാണ് എന്നു തന്നെ വിചാരിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ അവരെ അവഗണനയുടെ കയത്തിലേക്കു തള്ളി വിടും. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ അങ്ങനെ ഒരാളുടെ കയ്യിൽനിന്ന് കുറി വാങ്ങി വാല്യക്കാരൻ പയ്യന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തിട്ടുണ്ട് വിഎസ്. പ്രഫഷണൽമാരും പ്രകൃതി ചികിത്സക്കാരും ആയിരുന്നു ബലഹീനത. ആ മേനി നടിച്ച് വിഎസിന്റെ വിശ്വസ്തരായി മാറി അദ്ദേഹത്തെ വെട്ടിൽ ചാടിച്ചവരും ഉണ്ട്.
ചെയ്ത കാര്യങ്ങളിൽ ഒരു വീണ്ടു വിചാരം, പശ്ചാത്താപം? നടൻ ജഗതി ശ്രീകുമാറിന് ലഭിച്ച ഒരു അംഗീകാരത്തിന് സെക്രട്ടേറിയറ്റിൽ വച്ച് ആദരിച്ചപ്പോൾ സംഘാടകർ ക്ഷണിച്ചത് മുഖ്യമന്ത്രി വിഎസിനെയാണ്. വരാം എന്നേറ്റ വിഎസ് തൊട്ടു മുൻപ് പിൻവാങ്ങി. ജഗതിയുമായി ബന്ധപ്പെട്ട കേസ് ചൂണ്ടിക്കാട്ടി ചിലർ പിന്തിരിപ്പിച്ചത് ജഗതിയെ വിളിച്ചു വരുത്തി അപമാനിക്കലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വിഎസ് ഓഫിസിൽ വച്ച് ഇങ്ങനെ പ്രതികരിച്ചു: ‘അതു വേണ്ടായിരുന്നു’.
വിഎസും പിണറായിയും
1940 ൽ തന്റെ 17–ാം വയസ്സിൽ പാർട്ടി അംഗമായ വിഎസ് 82 വർഷത്തിനു ശേഷവും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാണ്. എത്ര കൊടിയ വൈരത്തിനോ പകയ്ക്കോ ആ ബന്ധം മുറിച്ചു മാറ്റുക അസാധ്യമായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ഉടൻ എം.വി.ഗോവിന്ദൻ ആദ്യം ആശീർവാദം തേടി എത്തിയതും ആ സവിധത്തിലേയ്ക്കാണ്. കൂടെ പ്രിയ സഖാവ് സീതാറാം യച്ചൂരിയെ കണ്ടതോടെ വിഎസിന്റെ മുഖത്ത് സന്തോഷം പ്രകടമായി. മകൾ വീണയുടെ രണ്ടാം വിവാഹം ക്ഷണിക്കാൻ വേണ്ടിയാണ് പിണറായി വിജയൻ വിഎസിനെ ഒടുവിൽ കണ്ടത്. പാർട്ടിയെ ഉഴുതു മറിച്ച സംഭവപരമ്പരകളുടെ കനം ഒരു കനത്ത മതിലായി ഇരുവർക്കും ഇടയിൽ തുടരുന്നുവെന്നാണ് രണ്ടു പേരെയും അറിയാവുന്നവർ കരുതുന്നത്.
![vs-achuthanandan-with-pinarayi-vijayan-and-kodiyeri-balakrishnan vs-achuthanandan-with-pinarayi-vijayan-and-kodiyeri-balakrishnan](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/10/18/vs-achuthanandan-with-pinarayi-vijayan-and-kodiyeri-balakrishnan.jpg)
ഇതൊക്കെയെങ്കിലും വിഎസ് സൃഷ്ടിക്കുന്ന ‘ശല്യ’ത്തെക്കുറിച്ചു ചോദിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞത് അദ്ദേഹം പാർട്ടിയുടെ ‘മൂലധനം’ ആണെന്നായിരുന്നു. കോടിയേരി ബാലകൃഷ്ണനെ അങ്ങോട്ട് സ്നേഹിച്ചതിൽ കൂടുതൽ കോടിയേരി തിരിച്ച് വിഎസിനെ സ്നേഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നവരുണ്ട്. കോടിയേരിയുടെ വിയോഗം അറിഞ്ഞപ്പോൾ വല്ലപ്പോഴും മാത്രം പ്രകടമാകുന്ന ആ സങ്കട ഭാവം അച്യുതാനന്ദനെ പൊതിഞ്ഞു.
ഇനിയും ഉണ്ടോ ഒരു ബാല്യം?
പുറത്തെ വിദഗ്ധ ഡോക്ടർമാരുടേതു കൂടാതെ നഴ്സ് കൂടിയായ ഭാര്യ വസുമതിയുടെയും മരുമക്കളായ രണ്ട് ഡോക്ടർമാരുടെയും കൂടി സ്നേഹനിർഭരമായ പരിചരണം വിഎസിന് ലഭിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് പഴയ സജീവത തിരിച്ചു പിടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ആരും കരുതുന്നില്ല. മരംമുറിക്കൊള്ള നടന്നപ്പോൾ, ഡേറ്റാ മോഷണം ആരോപിക്കപ്പെട്ട സ്പ്രിൻക്ലർ കരാർ വിവാദം അലയടിച്ചപ്പോൾ, സ്വർണക്കടത്തു കേസിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായപ്പോൾ എല്ലാം വിഎസ് അച്യുതാനന്ദന്റെ പ്രതികരണത്തിന്റെ അഭാവം രാഷ്ട്രീയ കേരളവും മാധ്യമ ലോകവും അനുഭവിച്ചു. ‘അന്വേഷിക്കണം’ എന്ന ഒരു വരിയിൽ തന്നെ എന്തെല്ലാം വഴിത്തിരിവുകൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്! ആ നിയമയുദ്ധങ്ങൾ എന്തെല്ലാം കോളിളക്കങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്!
രോഗവും വാർധക്യവും അതെല്ലാം അവസാനിപ്പിച്ചു എന്നു കരുതാൻ വരട്ടെ, ഐസ്ക്രീം പാർലർ കേസിൽ റൗഫിന്റെ വെളിപ്പെടുത്തൽ വച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നു വിഎസ് നൽകിയ ഹർജിയിന്മേൽ തുടരുന്ന കേസ് ഈ 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്!
English Summary: V.S. Achuthanandan Turns 100