മാർ പൗവത്തിലിന്റെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ
Mail This Article
ചങ്ങനാശേരി ∙ സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം 22നു സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.
അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ പൂക്കൾ, ബൊക്കെ എന്നിവ പൂർണമായി ഒഴിവാക്കണമെന്ന് അതിരൂപത കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ആവശ്യമെങ്കിൽ കച്ച സമർപ്പിക്കാം.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ അതിരൂപതാ ആസ്ഥാനത്തെ ചാപ്പലിൽ എത്തിക്കും. കബറടക്കത്തിന്റെ ഒന്നാം ഘട്ട ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലേക്കു വിലാപയാത്രയായി കൊണ്ടുപോകും.
22നു രാവിലെ 10നു കുർബാനയെത്തുടർന്നു കബറടക്ക ശുശ്രൂഷ നടക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ആരോഗ്യമന്ത്രി വീണാ ജോർജ്, എംപിമാരായ ശശി തരൂർ, തോമസ് ചാഴികാടൻ, എ.എം. ആരിഫ് എന്നിവർ ഇന്നലെ ചെത്തിപ്പുഴയിലെത്തി അന്തിമോപചാരം അർപ്പിച്ചു. അതിരൂപതയിലെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും നടന്നു.
English Summary: Mar Joseph Powathil funeral